വിപ്രോയിൽ യുവാക്കൾക്ക് വൻ തൊഴിൽ അവസരം; 10,000 മുതൽ 12,000 വരെ പുതിയ നിയമനങ്ങൾ

പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ, 2025-26 സാമ്പത്തിക വർഷത്തിൽ 10,000 മുതൽ 12,000 വരെ പുതുമുഖങ്ങളെ നിയമിക്കാൻ തീരുമാനിച്ചു. കമ്പനിയുടെ മന്ദഗതിയിലുള്ള നിയമനങ്ങൾക്കും, പിരിച്ചുവിടലുകൾക്കും, ആഭ്യന്തര മാറ്റങ്ങൾക്കും ശേഷമാണ് ഇത്ര വലിയൊരു അവസരം ഒരുങ്ങുന്നത്.കമ്പനിയുടെ ചീഫ് എച്ച്.ആർ ഓഫീസർ സൗരവ് ഗോവിൽ, വരുമാന റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. വ്യവസായത്തിൽ മാറ്റങ്ങൾക്ക് വഴിവെക്കുന്ന നിയമന പ്രക്രിയയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ മാത്രം 7,000 പേർ പുതുതായി ജോയിൻ ചെയ്തുവെന്ന് അറിയിച്ചു. ഇപ്പോഴത്തെ ലക്ഷ്യം 10,000 പുതിയ ജോലികൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മാത്രം 2,500 മുതൽ 3,000 വരെ പുതുമുഖങ്ങൾ കമ്പനിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗാർത്ഥികളുടെ കഴിവുകളും കാര്യക്ഷമതയും ഉറപ്പാക്കാൻ പുനർമൂല്യനിർണയവും നൈപുണ്യ പരിശീലനവും കൂടുതൽ പ്രാധാന്യമുള്ളതാണെന്ന് അധികൃതർ അറിയിച്ചു.