ഇനിമുതൽ ഒ ടി പി ആധാർ ലിങ്ക്ഡ് മൊബൈലിൽ
കേരള സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ആധാർ അധിഷ്ഠിത ഒ.ടി.പി. സംവിധാനം നിലവിൽ വന്നിരിക്കുന്നു. മുമ്പ് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് നൽകിയിരുന്ന മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. അയച്ചിരുന്നത്. എന്നാൽ, ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് മാത്രമായി ഒ.ടി.പി. ലഭ്യമാക്കാൻ മാറ്റം വരുത്തിയത്.യൂസർ അക്കൗണ്ട് സൃഷ്ടിക്കൽ, പുതിയ അപേക്ഷകർക്ക് രജിസ്‌ട്രേഷൻ, നിലവിലുള്ള രജിസ്‌ട്രേഷൻ പരിഷ്കാരം, യൂസർനെയിം പുനരുദ്ധാരം, പാസ്‌വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ പരിശോധന തുടങ്ങിയ ഘട്ടങ്ങളിൽ ഒ.ടി.പി. ആവശ്യമാണ്.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ഇല്ലാത്ത ഉപഭോക്താക്കൾ അത് ചെയ്യണം. ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്തതിന് ശേഷം പ്രൊഫൈൽ പേജിൽ ആധാർ നമ്പർ ചേർത്ത മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ സൗകര്യമുണ്ട്.സർക്കാർ സേവനങ്ങൾ ആളുകൾക്ക് ഇന്റർനെറ്റിലൂടെ നേരിട്ട് ലഭ്യമാക്കാൻ 2010-ൽ ആരംഭിച്ച പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട്.
റവന്യൂ വകുപ്പിന്റെ 23 ഇനം സർട്ടിഫിക്കറ്റുകളും, വന്യജീവി ആക്രമണത്തിൽ ലഭിക്കേണ്ട നഷ്ടപരിഹാരത്തിനുള്ള ആറിനം അപേക്ഷകളും, നേച്ചർ ക്യാമ്പ് റിസർവേഷൻ, പൊതുപ്രയോജന ബില്ലുകളുടെ പെയ്മെന്റ് തുടങ്ങിയ സേവനങ്ങളും ഇതിന്റെ ഭാഗമായി ലഭ്യമാണ്.
