‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ അവതരിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാർ, രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം

കേരള സര്‍ക്കാര്‍ ആരംഭിച്ച ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വെ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി’ പദ്ധതിയിലൂടെ ഇന്ത്യയില്‍ ആദ്യമായി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകും.ഈ പോര്‍ട്ടലിലൂടെ ഭൂമിയുടെ കൈമാറ്റം, രജിസ്ട്രേഷന്‍, പ്രീ മ്യൂട്ടേഷന്‍ സ്‌കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, നികുതി അടവ്, ലൊക്കേഷന്‍ സ്‌കെച്ച്, ന്യായവില നിര്‍ണയം, ഓട്ടോ മ്യൂട്ടേഷന്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. വിവിധ ഭൂമി ഇടപാടുകളില്‍ കാര്യക്ഷമതയും വേഗതയും വര്‍ധിപ്പിക്കാനും, ഓഫിസുകള്‍ സന്ദര്‍ശിക്കാതെ സേവനങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കും. ഭൂരേഖകള്‍ക്ക് ആധുനിക സാങ്കേതിക സംരക്ഷണവും സുതാര്യതയും ഉറപ്പാക്കുന്ന ഈ സംവിധാനം സേവനങ്ങളുടെ ലഭ്യതയ്ക്ക് സുരക്ഷയും കൃത്യതയും നല്‍കും.കാസര്‍കോട് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ ആരംഭിക്കുന്ന ഈ പദ്ധതി, അടുത്ത മൂന്ന് മാസത്തിനകം ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ 212 വില്ലേജുകളിലും പ്രയോജനപ്പെടുത്താനാകും. 35.2 ലക്ഷം പാര്‍സലുകളിലായി 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വെ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ‘എന്റെ ഭൂമി’ പദ്ധതി ഭൂരേഖാ പരിപാലനത്തെ ഒരു സമഗ്ര ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ആയി മാറ്റും.