ഗൂഗിൾ പിക്സൽ 9എ: വിലയും ഫീച്ചറുകളും ചോർന്നു

ന്യൂയോർക്ക്: ഗൂഗിൾ പിക്സൽ സീരീസിലെ ഏറ്റവും പുതിയ മോഡലായ പിക്സൽ 9എ വിപണിയിലെത്താനൊരുങ്ങുകയാണ്. ഇപ്പോഴും കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, പുതിയ മോഡലിന്റെ ലോഞ്ച് അടുത്ത് തന്നെയാണെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിക്സൽ 9 എയുടെ വില വിവരങ്ങൾ യു എസിൽ നിന്നും കാനഡയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയിൽ 128 ജിബി വേരിയൻറിന് 499 ഡോളർ (ഏകദേശം ₹43,180), 256 ജിബി വേരിയൻറിന് 599 ഡോളർ (ഏകദേശം ₹51,830) ആയിരിക്കുമെന്നാണ് സൂചന. പിക്സൽ 8എയുമായി താരതമ്യം ചെയ്താൽ 256 ജിബി വേരിയൻറിന് 40 ഡോളർ (₹3,461) അധികം വില കൂടിയേക്കാം. കാനഡയിൽ 128 ജിബി മോഡലിന് CAD 679, 256 ജിബി മോഡലിന് CAD 809 എന്നിങ്ങനെയാണ് വില പ്രതീക്ഷിക്കുന്നത്. മാർച്ച് 2025 പകുതിയോടെ പിക്സൽ 9എയുടെ ലോഞ്ച് നടക്കുമെന്നാണ് കരുതുന്നത്. പുതിയ ഗൂഗിൾ പിക്സൽ 9എ 120Hz റിഫ്രഷ് റേറ്റ് കൂടിയ 6.3-ഇഞ്ച് HDR ഡിസ്‌പ്ലേയോടു കൂടിയെത്തും. കൂടുതൽ മെച്ചപ്പെട്ട പ്രകടനത്തിനായി ഗൂഗിൾ ടെൻസർ G4 ചിപ്പ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടായേക്കും. ക്യാമറ വിഭാഗത്തിൽ, 48 എംപി ക്വാഡ് ഡ്യുവൽ പിക്സൽ പ്രൈമറി സെൻസർ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 13 എംപി സെൽഫി ക്യാമറ എന്നിവ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. 5,000 എംഎഎച്ച് ബാറ്ററിയും 18 വാട്ട് വയർഡ് ചാർജിംഗും 7.5 വാട്ട് വയർലെസ് ചാർജിംഗും ഉള്ളതായിരിക്കും.
ഇന്ത്യയിൽ പിക്സൽ 8എയുടെ 128 ജിബി മോഡലിന് ₹52,999, 256 ജിബി മോഡലിന് ₹59,999 എന്നിങ്ങനെയായിരുന്നു വില. പിക്സൽ 9എയുടെ 256 ജിബി മോഡലിന് കൂടുതൽ വില പ്രതീക്ഷിക്കാം, എന്നാൽ 128 ജിബി വേരിയൻറിന് വില പിക്സൽ 8എയുടേതിനു സമാനമായിരിക്കുമെന്നാണ് പ്രവചനം. കൂടാതെ, വിദേശ കറൻസി വിനിമയ നിരക്കിലെ മാറ്റം മൂലം വിലയിൽ ചെറിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്.