ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത;ഐഫോൺ എസ് ഇ 4 പ്രതീക്ഷിച്ചതിലും മുമ്പെ

ദില്ലി: ആപ്പിളിന്റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ ഐഫോൺ എസ് ഇ 4 2025 മാർച്ചിൽ ലോഞ്ച് ചെയ്യും എന്നതാണ് പുതിയ റിപ്പോർട്ടുകൾ. മുമ്പ് ഇത് ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലോഞ്ച് ഒരു മാസം നേരത്തെക്കാകുമെന്ന് മാക്റൂമേഴ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025ലെ ആദ്യ പാദത്തിൽ തന്നെ ഐഫോൺ SE 4 വിപണിയിൽ എത്തുമെന്ന വാർത്ത ആപ്പിൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള പ്രത്യേകതകളാണ് ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. ആപ്പിളിന്റെ സ്വന്തമായ 5ജി മോഡം, എ18 ചിപ്സെറ്റ്, 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, ഫേസ് ഐഡി, 48 എംപി പ്രൈമറി ക്യാമറ, 12 എംപി സെൽഫി ക്യാമറ, 3,279 എംഎഎച്ച് ബാറ്ററി എന്നിവയോടെ ഫോൺ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ആപ്പിളിന്റെ എഐ സംവിധാനം, ആപ്പിൾ ഇൻറലിജൻസ്, ഫോണിന്റെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. സിരീ, ഫോട്ടോ എഡിറ്റിംഗ് ടൂളുകൾ തുടങ്ങിയവയിൽ കൂടുതൽ എഐ പിന്തുണ ലഭ്യമാകും. ഐഫോൺ എസ് ഇ 4-ൽ 48 എംപി പ്രൈമറി ക്യാമറയുമായി സീരീസിലെ ആദ്യത്തെ വലിയ അപ്ഗ്രേഡാണ് നടത്തുന്നത്. എസ് ഇ 3 മോഡലിൽ 12 എംപി ക്യാമറ മാത്രമുണ്ടായിരുന്നു. അതുപോലെ, ഫേസ് ഐഡിയും എസ് ഇ സീരീസിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നു. ഫോണിന് LG ഒരുക്കുന്ന ഒഎൽഇഡി ഡിസ്പ്ലേ ഉപയോഗിക്കുമെന്ന് സൂചനയുണ്ട്. 2025 ഓടെ ആപ്പിൾ മുഴുവനായും എൽസിഡിയിൽ നിന്ന് ഒഎൽഇഡിയിലേക്ക് മാറാനാണ് ലക്ഷ്യമിടുന്നത്. ഭാരതത്തിൽ ഏകദേശം ₹50,000-യ്ക്കടുത്ത് വില പ്രതീക്ഷിക്കപ്പെടുന്ന ഐഫോൺ എസ് ഇ 4, സവിശേഷതകളും ഡിസ്പ്ലേയും അനുസരിച്ച് ആപ്പിൾ പ്രേമികൾക്കായി വിലയ്ക്കും പ്രകടനത്തിനും മികച്ച സംയോജനമായിരിക്കും.