പിടിവിട്ട് സ്വര്‍ണവില!

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ചുമത്തല്‍ ഭീഷണികാരണം സ്വര്‍ണ വില കൂടുതല്‍ ഉയരങ്ങളിലേക്ക് പോവുകയാണ്. പവന് 65000-വും കടന്ന് കുതിക്കുകയാണ് സ്വര്‍ണവില.
ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുതിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8230 രൂപയും പവന് 65840 രൂപയുമായി ഉയര്‍ന്നു. പവന് 66000-ത്തിലെത്താന്‍ ഇനി വെറും 160 രൂപ മാത്രം മതി. വിലയിലെ ഈ കുതിപ്പ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഉപഭോക്താക്കള്‍. കേവലം മൂന്നു ദിവസംകൊണ്ട് പവന് കൂടിയത് 1680 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിനും വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ കൂടി 8770 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. അതെസമയം വെള്ളിവിലയും ഉയര്‍ന്നു. ഗ്രാമിന് രണ്ട് രൂപ കൂടി 110 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.
ട്രംപിന്റെ നയങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര സ്വര്‍ണവില വര്‍ധിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും വില ഉയരാൻ ഇടയായത്.
നിലവില്‍ യുഎസിലേക്ക് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍നിന്നാണ്. അതിനാല്‍ സ്വര്‍ണത്തിനുമേല്‍ ഇറക്കുമതി നികുതി ചുമത്തുമോ എന്ന കാര്യവും നിലനില്‍ക്കുകയാണ്.
താരിഫ് യുദ്ധം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത.