റെക്കോഡ് വര്‍ധനവുമായി രാജ്യത്തെ സ്വര്‍ണ ഇറക്കുമതി

ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവ്. 2023 നവംബറില്‍ 3.44 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി ഈ വര്‍ഷം നവംബറില്‍ 14.86 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനവാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്.
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്സവം, വിവാഹ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 32.93 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവില്‍ സ്വര്‍ണ ഇറക്കുമതി 49 ശതമാനം ഉയര്‍ന്ന് 49 ബില്യണ്‍ ഡോളറായി എന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്.