June 8, 2025

കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ പുനര്‍വില്‍പ്പന തടയാന്‍ കര്‍ശന നടപടികളുമായി എഫ്എസ്എസ്എഐ

0
IMG-20241221-WA0019

കാലഹരണമായ ഉല്‍പ്പന്നങ്ങള്‍ പുനര്‍നാമകരണം ചെയ്ത് വില്‍പ്പന നടത്തുന്നത് തടയാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കര്‍ശന നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി, ഭക്ഷ്യോല്‍പ്പന്ന നിര്‍മാതാക്കളെയും ഇറക്കുമതി സ്ഥാപനങ്ങളെയും റീപാക്കര്‍മാരെയും റീലേബല്‍ ചെയ്യുന്നവരെയും ആവശ്യപ്പെട്ടിരിക്കുന്നത് അംഗീകാരം ഇല്ലാത്തതും കാലഹരണമായതുമായ ഉല്‍പ്പന്നങ്ങളുടെ മൂന്നുമാസ ഡാറ്റ സമര്‍പ്പിക്കാനാണ്. ഈ വിവരങ്ങള്‍ എഫ്എസ്എസ്എഐയുടെ ഓണ്‍ലൈന്‍ കംപ്ലയന്‍സ് പ്ലാറ്റ്‌ഫോമായ ഫോസ്കോസ് വഴി സമര്‍പ്പിക്കേണ്ടതാണ്. സമര്‍പ്പിക്കേണ്ട വിവരങ്ങളില്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളും ഭക്ഷ്യവിതരണ ശൃംഖലയില്‍ നിന്ന് മടങ്ങിയ ഉല്‍പ്പന്നങ്ങളുടെ അളവും ഉള്‍പ്പെടുന്നു. കൂടാതെ, ഉല്‍പ്പന്ന നിര്‍മാര്‍ജനത്തിന്‍റെ വിശദാംശങ്ങളും മാലിന്യ നിര്‍മാര്‍ജന ഏജന്‍സികളുടെ വിവരങ്ങളും സമര്‍പ്പിക്കണം. ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ തത്സമയ ട്രാക്കിംഗ് ഏര്‍പ്പെടുത്താന്‍ ഈ നടപടികള്‍ എഫ്എസ്എസ്എഐയെ സഹായിക്കും.

കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങള്‍ പുനര്‍നാമകരണം ചെയ്ത് മനുഷ്യ ഉപയോഗത്തിനായി വില്‍ക്കുന്നത് തടയുന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം. ഓണ്‍ലൈന്‍ വിതരണ കമ്പനികളും മറ്റ് പ്ലാറ്റ്‌ഫോമുകളും കാലഹരണമായ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എതിരെയും ഇത്തരത്തിലുള്ള നടപടികള്‍ നേരത്തെയും സ്വീകരിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് മുന്‍പ്, ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞത് 30% ഷെല്‍ഫ് ലൈഫ് ബാക്കി ശേഷിക്കണമെന്ന് എഫ്എസ്എസ്എഐ നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ക്കും കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.പാക്ക് ചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറുമായി ബന്ധപ്പെട്ട്, ഇത്തരം ഉല്‍പ്പന്നങ്ങളെ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗമായി തരംതിരിച്ച് കര്‍ശന നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും ഈ മാസം ആദ്യം എഫ്എസ്എസ്എഐ നിര്‍ബന്ധമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *