കിലോയ്ക്ക് 1000 മുതല്‍ 1500 രൂപ വരെ! സ്വർഗത്തിലെ കനി ഇനി കല്ലറയിലും
പാലോട്: തായ്ലൻഡ് സ്വദേശിയായ സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ‘ഗാഗ്’ ഇപ്പോൾ കല്ലറയിലുമെത്തി.കല്ലറ മാടൻകാവ് റുബീന മൻസിലില്‍ അബ്ദുള്‍ റഹിമിന്റെ വീടിന്റെ മട്ടുപ്പാവിലും പുരയിടത്തിലുമായി വിവിധ വർണ്ണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞു നില്‍ക്കുകയാണ്.
കായിട്ട് പഴം പാകമാകുന്നതുവരെ നാല് നിറങ്ങളില്‍ ഗാഗ് ഫ്രൂട്ടിനെ കാണാൻ കഴിയും.കായകള്‍ക്ക് ആദ്യം പച്ച നിറമായിരിക്കും. വളർച്ച രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ മഞ്ഞയും കുറച്ചു കൂടി പാകമാകുമ്പോള്‍ ഓറഞ്ച് നിറത്തിലെത്തും പാകമാകുന്നതോടെ ചുവപ്പ് നിറമാകും. ഔഷധ ഗുണമുള്ളതുകൊണ്ട് ഗാഗ്ഫ്രൂട്ട് സ്വർഗ്ഗത്തിലെ കനിയെന്നും വിളിക്കാറുണ്ട്. കേരളത്തില്‍ അപൂർവ്വമായി കാണപ്പെടുന്ന ഗാഗ്ഫ്രൂട്ട് രുചിയിലും വ്യത്യസ്തമാണ്.ഒരു പഴത്തിന് ഒരു കിലോക്ക് മുകളില്‍ ഭാരമുണ്ട്. വിപണിയിൽ കിലോയ്ക്ക് 1000 മുതല്‍ 1500 രൂപ വരെയാണ് വില. പഴത്തിന് പുറമേ ചെടിയുടെ ഇല ഭക്ഷണാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വർഷങ്ങളോളം ഒരു ചെടിയില്‍ നിന്നു തന്നെ കായ്ഫലം ലഭിക്കും.
തായ്ലൻഡിലെ പഴക്കടയില്‍ നിന്നും കൗതുകം തോന്നിയാണ് ഫ്രൂട്ട് വാങ്ങിയത്. ഒരു വർഷം സൂക്ഷിച്ച ശേഷമാണ് വിത്തുകള്‍ നട്ടത് അബ്ദുള്‍ റഹിം പറഞ്ഞു.വിത്ത് മുളക്കാൻ 45 ദിവസത്തോളം വേണം. ചാണകം എല്ലുപൊടി തുടങ്ങിയവയാണ് വളം. ആവശ്യത്തിന് സൂര്യപ്രകാശവും രണ്ട് നേരം നനയ്ക്കുകയും വേണം. വള്ളിപ്പടർപ്പ് പോലെയാണ് ഗാഗിന്റെ വളർച്ച. അപൂർവ്വമായി വിളഞ്ഞ ഗാഗ് കാണാൻ ധാരാളം സന്ദർശകർ അബ്ദുള്‍ റഹിമിന്റെ വീട്ടിലെത്തുന്നുണ്ട്. 12 സെന്റ് വസ്തുവില്‍ ഗാഗ്ഫ്രൂട്ട് കൂടാതെ വിദേശികളും സ്വദേശികളുമായ അൻപതിലധികം പഴവർഗ്ഗങ്ങളും ഇവിടുണ്ട്.
