January 28, 2026

ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂന്നുവര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയിലെത്തും: പിയൂഷ് ഗോയല്‍

0
1313505-government-makes-organic-food-product-export-certification-mandatory-web

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടി രൂപയിലെത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജൈവ ഉല്‍പ്പാദനത്തിനായുള്ള ദേശീയ പ്രോഗ്രാമിന്റെ (എന്‍പിഒപി) എട്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ അദ്ദേഹം പ്രസംഗിച്ചു.

“ഇപ്പൊഴുള്ള ജൈവ ഉല്‍പ്പന്ന കയറ്റുമതി 5,000 മുതല്‍ 6,000 കോടി രൂപയാണ്. ഇത് മൂന്ന് വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയായി ഉയര്‍ത്താന്‍ കഴിയുമെന്ന് നമുക്ക് വിശ്വാസമുണ്ട്,” ഗോയല്‍ പറഞ്ഞു.

ലോകത്ത് ഏകദേശം 1 ലക്ഷം കോടി രൂപയുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍, അടുത്ത വര്‍ഷങ്ങളിലേക്ക് അത് 10 ലക്ഷം കോടി രൂപയാകും. ഇന്ത്യക്ക് ഈ സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ജൈവകൃഷി ചെയ്യുന്ന കര്‍ഷകര്‍ ഉള്ളത്. ജൈവ കാര്‍ഷികമേഖലയിലെ വളര്‍ച്ചക്കായി നൂതന പരിഹാരങ്ങള്‍ അവതരിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രേരിപ്പിക്കുകയും ഗോയല്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ചടങ്ങില്‍, അഞ്ച് പുതിയ ഡിജിറ്റല്‍ പോര്‍ട്ടലുകളും ഉദ്ഘാടനം ചെയ്തു. 2001-ല്‍ ആരംഭിച്ച എന്‍പിഒപി പോര്‍ട്ടലിന്റെ എട്ടാം പതിപ്പില്‍ കര്‍ഷക-സൗഹൃദ നിയന്ത്രണങ്ങള്‍, ശക്തമായ സര്‍ട്ടിഫിക്കേഷന്‍, സുതാര്യമായ ട്രേസബിലിറ്റി സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2030-ഓടെ 2 ബില്യണ്‍ യുഎസ് ഡോളറിന്റെ ജൈവ ഉല്‍പ്പന്ന കയറ്റുമതി ലക്ഷ്യമിട്ടുള്ള നടപടികളാണ് നടപ്പിലാക്കുന്നത്. ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതില്‍ എന്‍പിഒപി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ സഹമന്ത്രിമാരായ ജിതിന്‍ പ്രസാദ, സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, സഹകരണ സെക്രട്ടറി ആശിഷ് കുമാര്‍ ഭൂട്ടാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *