രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കാൻ പ്രവാസികൾ
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കാൻ പ്രവാസികൾ. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യുഎഇ ദിർഹമിനെതിരെ ഒരു ദിർഹമിന് 24.6 രൂപ എന്നതാണ് വിനിമയ നിരക്ക്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.രൂപയുടെ ഭാവി പ്രവചനാതീതമായി തുടരുന്നു എന്നാണ് ഫോറെക്സ് അനലിസ്റ്റുകളുടെ അഭിപ്രായം.
കഴിഞ്ഞ ഒരു മാസമായി ദിർഹമിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി കുറയുകയാണ്. നവംബർ 16ന് ഒരു ദിർഹമിന് 24.05 രൂപ ആയിരുന്നു വിനിമയ നിരക്ക്. നവംബർ അവസാനത്തോടെ ഇത് 24.25 രൂപ ആയി ഉയർന്നു. ഡിസംബർ ഒന്നിന് 24.30 രൂപ കടന്ന വിനിമയ നിരക്ക് ഒരാഴ്ചയ്ക്ക് ശേഷം 24.40 രൂപയായി. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഇത് നല്ല നേരമാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് ഈ സാഹചര്യം പ്രയോജനപ്പെടുത്താം.
