June 8, 2025

വെളിച്ചെണ്ണ വില ഉയർന്നു; മാറ്റമില്ലാതെ റബറും കുരുമുളകും

0
IMG-20241212-WA0033

കേരളത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുമെന്ന സാഹചര്യത്തിൽ റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉൽപാദന മേഖല. ക്രിസ്തുമസിന് വെറും രണ്ടാഴ്ച മാത്രമുള്ള സാഹചര്യത്തിൽ പരമാവധി റബർ ഉൽപാദനം നടത്താനുള്ള ശ്രമത്തിലാണ് ചെറുകിട കർഷകർ. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോയ്ക്ക് 190 രൂപയും അഞ്ചാം ഗ്രേഡ് 185 രൂപയും നിരക്കിൽ വ്യാപാരമടഞ്ഞു. രാജ്യാന്തര വിപണിയിലും റബർ വിലയിലെ മാറ്റം തുടരുന്നു. ബാങ്കോക്കിൽ ഷീറ്റ് വില 21,160 രൂപയായി നിലകൊണ്ടു. വെളിച്ചെണ്ണ വില വീണ്ടും വർദ്ധിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ആവശ്യകത ഉയർന്നതിനാൽ ചെറുകിട വിപണികളിലും സൂപ്പർമാർക്കറ്റുകളിലും ഡിമാൻഡ് വർധിച്ചു. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ വലിയ മില്ലുകൾ എണ്ണവില ക്വിൻറ്റലിന് 300 രൂപ ഉയർത്തിയെങ്കിലും കൊപ്ര വില വർധിപ്പിക്കാത്തത് കർഷകരും ഉൽപാദകരും പ്രതിസന്ധിയിലാക്കി. മില്ലുകാർ ചേർന്ന് സംഭരിച്ച സ്റ്റോക്ക് കൂടുതൽ വിലയ്ക്ക് വിറ്റഴിക്കാനുളള നീക്കത്തിലാണ്. ഓണക്കാലത്തിനുശേഷം ഇത് രണ്ടാം പ്രാവശ്യമാണിത്. രാജ്യാന്തര കുരുമുളക് വിപണിയിൽ മലേഷ്യൻ ഉൽപ്പന്നത്തിന്റെ വില കയറ്റുമതിക്കാർ ടണ്ണിന് 8200 ഡോളറായി ഉയർത്തിയപ്പോൾ ഇന്ത്യൻ നിരക്ക് 8000 ഡോളറിലാണ്. ഇന്തോനേഷ്യ 6800 ഡോളറിനും വിയെറ്റ്നാം 6300 ഡോളറിനും ബ്രസീൽ 6250 ഡോളറിനും ക്വട്ടേഷൻ നൽകി. പ്രധാന കുരുമുളക് ഉൽപ്പാദക രാജ്യങ്ങളിൽ ചരക്ക് ക്ഷാമം തുടരുന്നതിനാൽ യൂറോപ്പിലെ വൻകിട ബയ്യർമാർ പുതിയ ഇടപാടുകൾ ആരംഭിച്ചിട്ടുണ്ട്. കൊച്ചി മാർക്കറ്റിൽ ഇന്ന് കുരുമുളക് വിലയിൽ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *