March 15, 2026

ഇന്ത്യൻ പാനീയ വിപണി പിടിച്ചടക്കാൻ കൊക്കകോള

0
images (1) (4)

പാനീയ ഭീമൻ കൊക്കകോള ഇത്തവണ ഒരു പുതിയ ബ്രാന്റ് ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്താനൊരുങ്ങുന്നു. ആഗോള സ്പോര്‍ട്സ് ഡ്രിങ്ക്സ് ബ്രാന്‍ഡായ ബോഡി ആര്‍മര്‍ലൈറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണ് കൊക്കകോള. ഇലക്ട്രോലൈറ്റുകളും തേങ്ങാവെള്ളവും കൊണ്ട് നിര്‍മ്മിക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രിങ്കാണ് ബോഡി ആര്‍മര്‍ലൈറ്റ്. ഇത് അമേരിക്കയിലെ ജനപ്രിയ ബ്രാന്‍റാണ്.

പെറ്റ് ബോട്ടിലുകളിലും കാര്‍ട്ടണുകളിലും ഇത് ലഭിക്കും.ഇതിന് പുറമേ ഹോണസ്റ്റ് ടീ, വിറ്റാമിന്‍ വാട്ടര്‍ തുടങ്ങിയ പാനീയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുകയും കോക്ക് സീറോ ഷുഗര്‍, സ്പ്രൈറ്റ് സീറോ ഷുഗര്‍ എന്നിവ വിപണിയിലെത്തിക്കാനും കൊക്കകോള പദ്ധതിയിടുന്നതായി കൊക്കകോള ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യയിലെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് സുന്ദീപ് ബജോറിയ വ്യക്തമാക്കി.

കൂടാതെ തംസ്അപ്പും സ്പ്രൈറ്റും 2 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡുകളായി മാറുമെന്നും അദ്ദേഹം അറിയിച്ചു. അസമില്‍ ഉല്‍പാദിപ്പിക്കുന്ന ഓര്‍ഗാനിക് ടീ ബ്രാന്‍ഡാണ് ഹോണസ്റ്റ് ടീ. കൊക്കകോളയുടെ വിറ്റമിന്‍ വാട്ടര്‍ നിലവില്‍ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ ലഭ്യമാക്കും. തംസ്അപ്പ്, കോക്ക്, സ്പ്രൈറ്റ് , കിന്‍ലി, മിനിറ്റ് മെയ്ഡ്, മാസ തുടങ്ങിയ ബ്രാന്‍ഡുകളും കൊക്കകോളയുടെ ഉടമസ്ഥതയിലുള്ളവയാണ്.2024 വളരെ ചൂടേറിയ വര്‍ഷമായിരുന്നു. അതിനാൽ പാനീയ കമ്പനികള്‍ക്ക് വലിയ നേട്ടമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41% വളര്‍ച്ചയാണ് കുപ്പിയിലാക്കിയ ശീതളപാനീയ വിപണി നേടിയത്.

ചൂടേറിയ വേനലാണ് ഇത്തവണയും വരാനിരിക്കുന്നത് അതിനാൽ പാനീയ കമ്പനികള്‍ പ്രതീക്ഷയിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡായ കാമ്പ കോളയും ഇത്തവണ വിപണിയില്‍ സജീവമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വേനലില്‍ പാനീയ കമ്പനികള്‍ തമ്മിലുള്ള മല്‍സര ചൂടും ശക്തമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *