June 8, 2025

മൊബൈൽ ഫോണിനും ബാറ്ററി ചാർജിനുമനുസരിച്ച് നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

0
images (1) (2)

ന്യൂഡൽഹി: മൊബൈൽ ഫോണിന്റെ തരം അനുസരിച്ച് ഓൺലൈൻ ടാക്സി സേവനങ്ങൾ വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി ഉയർന്ന ആരോപണത്തിൽ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഉപഭോക്തൃകാര്യ മന്ത്രാലയം യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ആൻഡ്രോയിഡ് ഫോണുകൾക്കു വിറകണ ബുക്കിങ്ങുകൾക്കും ഐഫോണുകളിൽ നിന്നുള്ള ബുക്കിങ്ങുകൾക്കും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്ന് ആരോപിക്കപ്പെട്ടത്. കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) രണ്ട് കമ്പനികളോടും നിരക്ക് നിർണയത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഉപകരണങ്ങൾക്കനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെടുന്നത് വിവേചനപരമാണെന്നും ഈ രീതിയുടെ വിശദീകരണം നൽകണമെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. ഡൽഹിയിലെ വ്യവസായി സാമൂഹിക മാധ്യമങ്ങളിലൂടെ ഈ ആരോപണം ഉന്നയിച്ചതാണ് സംഭവം കൂടുതൽ ഗൗരവതരമാക്കിയത്. ട്രിപ്പ് ബുക്ക് ചെയ്യുന്ന ഫോണിന്റെ ബാറ്ററി ചാർജ് നിലയെ കുറിച്ചും നിരക്കുകളിൽ വ്യത്യാസമുണ്ടാകുന്നതായി പരാമർശമുണ്ടായിരുന്നു. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയതോടെ നിരവധി ഉപഭോക്താക്കൾക്കു സമാനമായ അനുഭവങ്ങൾ പങ്കുവച്ചാണ് പ്രതികരിച്ചത്. അവകാശവാദങ്ങൾ യൂബർ നിഷേധിച്ചിട്ടുണ്ട്.

പിക്കപ്പ് പോയിന്റുകൾ, ലക്ഷ്യസ്ഥാനത്തിലെ ട്രാഫിക്, യാത്രയുടെ ദൈർഘ്യം തുടങ്ങിയവയെ ആശ്രയിച്ചാണ് നിരക്ക് നിർണയമെന്നും ഉപകരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യാസം ഉണ്ടാകുന്നില്ലെന്നും കമ്പനി പറഞ്ഞു. ഉപഭോക്തൃ സംരക്ഷണത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ മറുപടി അനുകൂലമല്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *