എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സഞ്ചാര്‍ സാഥി ആപ്പ് നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഫോണിലും വാട്‌സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം.
ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും. നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക് ആകും. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കാം. ഉപയോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈല്‍ കണക്ഷനുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം.
വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോയെന്ന് നോക്കാം. ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശ കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
