സംസ്ഥാനങ്ങള്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രം; കെട്ടിക്കിടക്കുന്നത് ഒരുലക്ഷം കോടി!

സുപ്രധാന പദ്ധതികള്‍ക്കുള്ള ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രം. ഒരു ലക്ഷം കോടി രൂപയാണ് സംസ്ഥാന അക്കൗണ്ടുകളില്‍ കെട്ടികിടക്കുന്നത്.ആരോഗ്യം, ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, നഗര വികസനം തുടങ്ങിയ പ്രധാന പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുകയാണ് കെട്ടികിടക്കുന്നത്. ഈ തുക ഉപയോഗിക്കാതെയാണ് സംസ്ഥാനങ്ങള്‍ അധിക പദ്ധതി വിഹിതം ആവശ്യപ്പെടുന്നത്.ഈ ബാലന്‍സ് ഫണ്ട് സംസ്ഥാന തലത്തില്‍ പദ്ധതി നടപ്പാക്കലിന്റെ മെല്ലെ പോക്ക് നയമാണ് വ്യക്തമാക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
അടിയന്തര ജലവിതരണ ആവശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ജല്‍ ജീവന് മിഷന് പദ്ധതിക്കായി അനുവദിച്ച തുകയില്‍ 30,788 കോടി വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്. 14,000 കോടി പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി നല്‍കിയതില്‍ ഇനിയും ചെലവഴിക്കാനുണ്ട്. വിദ്യാഭ്യാസ- പോഷകാഹാര പദ്ധതിയക്കുള്ള 11,516 കോടിയും ഇതുവരെ ചെലവഴിച്ചില്ല.4,351 കോടി തൊഴിലുറപ്പ് പദ്ധതിക്കായി അക്കൗണ്ടില്‍ കെട്ടികിടക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.