അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനമുയർത്തി കേന്ദ്രം, പ്രതിദിനം ₹1,035 വരെ; ഒക്ടോബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ജീവിത ചെലവുകൾ വർധിച്ചതിനാൽ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വേതന നിരക്കുകൾ പരിഷ്കരിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വെരിയബിൾ ഡിയർനസ് അലവൻസ് (VDAs) പരിഷ്കരിച്ചുവെന്ന് അറിയിച്ചു.വിവിധ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക്, അതായത് കെട്ടിട നിർമ്മാണം, ലോഡിംഗ്-അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, മൈനിംഗ്, കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്ന കൃഷി ജോലികൾ തുടങ്ങിയവയിൽ, പുതുക്കിയ കൂലി നിരക്കിന്റെ പ്രയോജനം ലഭ്യമാകും. പുതിയ കൂലി നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ വർഷം ഏപ്രിലിൽ കൂലി പരിഷ്കരണമുണ്ടായിരുന്നു. തൊഴിലാളികളുടെ നൈപുണ്യത്തെ അടിസ്ഥാനമാക്കി അവിദഗ്ദ്ധ, അർദ്ധ വൈദഗ്ദ്ധ്യ, വൈദഗ്ദ്ധ്യ, ഉയർന്ന വൈദഗ്ദ്ധ്യ മേഖലകളായി കൂലി നിരക്കുകൾ തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച്, 783 രൂപ പ്രതിദിനം (മാസം 20,358 രൂപ) അനുവദിച്ചിട്ടുള്ളത് നിർമ്മാണം, ക്ലീനിംഗ്, ലോഡിംഗ്-അൺലോഡിംഗ് മേഖലകളിൽ ഉള്ള തൊഴിലാളികൾക്കാണ്. അർദ്ധ വൈദഗ്ദ്ധ്യ മേഖലയിൽ 868 രൂപ പ്രതിദിനവും (22,568 രൂപ പ്രതിമാസം) വിദഗ്ദ്ധ തൊഴിലാളികൾക്ക് 954 രൂപ പ്രതിദിനവും (24,804 രൂപ പ്രതിമാസം) ലഭിക്കും. അതേ സമയം, ഉയർന്ന വൈദഗ്ദ്ധ്യ മേഖലയിൽ 1,035 രൂപ പ്രതിദിനം (26,910 രൂപ പ്രതിമാസം) നൽകും.VDAs സർക്കാർ വർഷത്തിൽ രണ്ട് തവണ പരിഷ്കരിക്കുന്നു. വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയിലെ (CPI-IW) ശരാശരി വർദ്ധനവിന്റെ അടിസ്ഥാനത്തിലാണ് വേതന പരിഷ്കരണം നടക്കുന്നത്. പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം 7.54% ൽ നിന്ന് 2024 ജൂലായ് മാസത്തിൽ 2.15% ആയി കുറഞ്ഞതായി റിപ്പോർട്ട്. 2023 ജൂണിലെ 5.57% ൽ നിന്ന് 2024 ജൂണിൽ ഇത് 3.67% ആയിട്ടുണ്ട്. ഫെബ്രുവരിയിൽ 3.87% ആയിരുന്ന CPI-IW എപ്രിലിൽ കുറഞ്ഞതായും കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു.അസംഘടിത തൊഴിലാളികൾക്ക് വെടന വർദ്ധനവ് പ്രാബല്യത്തിൽ വരുത്തുന്നതായി ഡൽഹി സർക്കാർ 25 സെപ്റ്റംബർ 2024 ബുധനാഴ്ച ഉത്തരവിട്ടിരുന്നു.