ഏലയ്ക്ക വില 3000ത്തിന് മുകളിലേക്ക്

സംസ്ഥാനത്ത് ഏലക്ക വില 3000 രൂപയ്ക്ക് മുകളില്‍ എത്തി. കൊച്ചി വിപണിയില്‍ നാലാം ഗ്രേഡ് റബറിന് 19,000 രൂപയിലും അഞ്ചാം ഗ്രേഡ് 18,700 രൂപയിലും വിപണനം നടന്നു. ലാറ്റക്‌സ് 12,800 രൂപയ്ക്ക് ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ ശേഖരിച്ചു.
ഹൈറേഞ്ചില്‍ നിന്നും മറ്റ് ഭാഗങ്ങളില്‍ നിന്നും പുതിയ കുരുമുളക് വില്‍പ്പനയ്ക്ക് എത്തി തുടങ്ങി. പ്രതികൂല കാലാവസ്ഥയില്‍ ഉല്‍പാദനം ചുരുങ്ങുമെന്ന് വ്യക്തമായതിനാല്‍ വന്‍കിട കര്‍ഷകര്‍ പുതിയ മുളക് കരുതല്‍ ശേഖരത്തിലേയ്ക്ക് നീക്കാന്‍ ഉത്സാഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ വിലയെ അപേക്ഷിച്ച് അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റ്റലിന് 10,000 രൂപ ഉയര്‍ന്ന് 65,500 രൂപയില്‍ നീങ്ങുന്നതും കര്‍ഷകരുടെ ശ്രദ്ധ മാര്‍ക്കറ്റിലേയ്ക്ക് തിരിയാന്‍ ഇടയാക്കി. കൊച്ചിയില്‍ മുളക് 65,500 രൂപയില്‍ വ്യാപാരം നടന്നു.
ഏലക്ക വില തുടര്‍ച്ചയായ പതിനഞ്ച് ലേലങ്ങള്‍ക്ക് ശേഷം ഏറെ നിര്‍ണായകമായ 3000 രൂപയ്ക്ക് മുകളില്‍ എത്തി. ശരാശരി ഇനങ്ങള്‍ കിലോ 3047 രൂപയിലും മികച്ചയിനങ്ങള്‍ 3261 രൂപയിലും ഇടപാടുകള്‍ നടന്നു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേല കേന്ദ്രങ്ങളില്‍ സജീവമാണ്. ഇന്ന് നടന്ന ലേലത്തില്‍ മൊത്തം 33,017 കിലോ ഏലക്കയുടെ വില്‍പ്പന നടന്നു.