3500 കോടിയുടെ ഇഷ്യു ആരംഭിച്ച് കാനറ ബാങ്ക്
കൊച്ചി: ഇന്ത്യയിലെ മുൻനിര പൊതുമേഖലാബാങ്കായ കാനറ ബാങ്ക് നടപ്പ് സാമ്പത്തിക വർഷം അഡീഷണൽ ടയർ 1 (എടി1) ബോണ്ട് മാർക്കറ്റ് ഉപയോഗപ്പെടുത്തി മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവി വളർച്ചാപദ്ധതികളെ പിന്തുണയ്ക്കുന്നതിനുമായി 3500 കോടി രൂപയുടെ ഇഷ്യു ആരംഭിച്ചു.
നവംബർ 28ന് എൻഎസ്‌ഇയുടെ ഇലക്ട്രോണിക് ബിഡ്ഡിംഗ് പ്ലാറ്റ്ഫോമിലാണ് ഇഷ്യു തുടങ്ങിയത്. നിക്ഷേപകരുടെ നിരന്തര ആവശ്യം നിറവേറ്റുന്നതിനായി 1000 കോടി രൂപയുടെ അടിസ്ഥാനഘടകവും 2500 കോടി രൂപയുടെ ഗ്രീൻ ഷൂ ഓപ്ഷനും അടിസ്ഥാനമാക്കിയുള്ള കാനറ ബാങ്ക് ബേസൽ III കംപ്ലയിന്റ് എടി1 ബോണ്ടുകൾ വഴി 3500 കോടി രൂപ വരെ സമാഹരിക്കുന്നതായി ബാങ്ക് അറിയിച്ചു.
നടപ്പ് സാമ്പത്തിക വർഷം ആഭ്യന്തരവിപണിയിൽ ആദ്യമായാണ് ഒരു ബാങ്ക് എടി1 ഇഷ്യു നടത്തുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റെഗുലേറ്ററി മൂലധന അനുപാതങ്ങൾ ശക്തിപ്പെടുത്തുന്നതിന് ടയർ 1, ടയർ 2 ഇന്സ്ട്രുമെന്റുകള് സംയോജിപ്പിച്ച് പ്രസ്തുത വര്ഷത്തേക്ക് 9500 കോടി രൂപയുടെ വിശാലമായ മൂലധന സമാഹരണ പരിപാടിയുടെ ഭാഗമാണിതെന്നും ബാങ്ക് വ്യക്തമാക്കി.
