3ജി സേവനങ്ങള്‍ അവസാനിപ്പിക്കാൻ ഒരുങ്ങി ബിഎസ്‌എൻഎല്‍
ബിഎസ്‌എൻഎല്‍ 3ജി സേവനങ്ങള്‍ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യയിൽ ഉടനീളം 4ജി അവതരിപ്പിച്ചതിന് പിന്നാലെയാണ് 3ജി സേവനങ്ങള്‍ അവസാനിപ്പിക്കാൻ ബിഎസ്‌എൻഎല്‍ തീരുമാനിച്ചത്.97,841 4ജി ടവറുകളാണ് നിലവില്‍ രാജ്യമെമ്പാടും ബിഎസ്‌എൻഎല്‍ സ്ഥാപിച്ചിരിക്കുന്നത്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്.58,919 3ജി ടവറുകളാണ് ബിഎസ്‌എൻഎലിന് ഇന്ത്യയിലാകെയുള്ളത്.
3 ജി സേവനം നല്‍കുന്നതിനായി ബിഎസ്‌എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനി സെഡ്ടിഇ യുമായുള്ള കരാറും ഈ വർഷം അവസാനിപ്പിക്കും.അതെസമയം സേവനങ്ങള്‍ നിർത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ബിഎസ്‌എൻഎല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ സർക്കിളുകളിലും ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാൻ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.
9.23 കോടി മൊബൈല്‍ വരിക്കാരാണ് 2025 സെപ്തംബർ വരെയുള്ള കണക്കുപ്രകാരം ബിഎസ്‌എൻഎല്ലിനുള്ളത്. അതില്‍ 7 കോടി പേർ ഇപ്പോഴും 3ജി സേവനങ്ങളാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇവർക്ക് ബിഎസ്‌എൻഎല്‍ ഓഫീസില്‍ നിന്ന് 4ജി സിം എടുക്കാം. അധികം താമസിക്കാതെ തന്നെ 5ജി സേവനത്തിലേക്കും ബിഎസ്‌എൻഎല്‍ കടക്കുമെന്നാണ് റിപ്പോർട്ടുകള്‍.
