കേരളത്തില്‍ സൂപ്പര്‍ പ്രീമിയം മദ്യം വില്‍ക്കാന്‍ ബെവ്‌കോയുടെ പുതിയ ഔട്ട്‌ലെറ്റുകള്‍

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ മാതൃകയിൽ സംസ്ഥാനത്ത് സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പുതിയ ശീതീകരിച്ച ഔട്ട്‌ലെറ്റുകളിൽ 750 രൂപ മുതൽ വിലയുള്ള പ്രീമിയം മദ്യം മാത്രം ലഭ്യമാക്കും. ആദ്യഘട്ടത്തിൽ ഐ.ടി പാർക്കുകൾക്കും ടൂറിസ്റ്റുകൾ കൂടുതലായി എത്തുന്ന വിനോദ കേന്ദ്രങ്ങൾക്കും സമീപം ഈ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.നിലവിൽ ബിവറേജസ് കോർപ്പറേഷന്റെ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ 450 രൂപ മുതലുള്ള മദ്യം ലഭ്യമാണെങ്കിലും, പുതിയ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾക്ക് മാത്രം മുൻഗണന നൽകും. തിരുവനന്തപുരം ടെക്‌നോപാർക്കും, കാക്കനാട് ഇൻഫോപാർക്കും മുതലായ ഇടങ്ങളിലെ അനുയോജ്യമായ സ്ഥലങ്ങൾ തിരയുന്നതായും റിപ്പോർട്ട് പറയുന്നു. ഇവിടങ്ങളിൽ സ്ഥലം ലഭിച്ചതിനുശേഷം, ഉടൻ ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനാണ് പദ്ധതി. ഐ.ടി പാർക്കുകളിൽ ക്ലബ്ബ് മാതൃകയിൽ മദ്യം വിളമ്പാൻ അനുമതി നൽകിയിരുന്നെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ജവാൻ റം ബ്രാൻഡിൽ നിലവിൽ പരീക്ഷണം നടത്തുന്ന ക്യൂ.ആർ കോഡ് സംവിധാനം മറ്റു മദ്യകുപ്പികളിലും പരിഷ്‌കരിക്കാനാണ് ബെവ്‌കോയുടെ പദ്ധതി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഉത്പാദിപ്പിക്കുന്ന ജവാൻ റം കുപ്പികളിൽ ക്യൂ.ആർ കോഡ് നിലവിൽ ഉപയോഗിച്ചുവരുന്നു. ഇത്, സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എല്ലാ മദ്യകുപ്പികളിലും നടപ്പാക്കാൻ ആലോചിക്കുന്നു. ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് മദ്യം എവിടെ ഉത്പാദിപ്പിച്ചുവെന്ന്, ഏത് ബാച്ച് ആണെന്ന്, സ്‌റ്റോക്ക് വിവരങ്ങൾ തുടങ്ങിയവ അറിയാൻ കഴിയും.