6,699 രൂപയ്ക്ക് ലഭ്യമാകും! ടെക്നോയുടെ പുതിയ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ദില്ലി: ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ടെക്നോ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ എൻട്രി-ലെവൽ മോഡൽ അവതരിപ്പിച്ചു. ‘ടെക്നോ പോപ് 9 4ജി’ (Tecno Pop 9 4G) എന്നാണ് പുതിയ ഫോണിന്റെ പേര്. സെപ്റ്റംബർ മാസത്തിൽ ടെക്നോ പോപ് 9 5ജി മോഡൽ ഇന്ത്യയിൽ പുറത്തിറക്കിയതിനു പിന്നാലെയാണ് 4ജി പതിപ്പ് ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലെത്തുന്ന ടെക്നോ പോപ് 9 4ജി മീഡിയടെക് ഹീലിയോ ജി50 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ആദ്യ ഫോണാണ്. ഈ സ്മാർട്ട്ഫോൺ ടെക്നോയുടെ HiOS ഉപയോഗിച്ച് ആൻഡ്രോയിഡ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലെ 90Hz റിഫ്രഷ് റേറ്റോടെ വരുന്നു. ഇതിന്റെ റിയർ ക്യാമറ 13 എംപി ശേഷിയുള്ളതും 4x ഡിജിറ്റൽ സൂമും 1080p വീഡിയോ റെക്കോർഡിംഗും സപ്പോർട്ട് ചെയ്യുന്നതുമാണ്. സെൽഫിയും വീഡിയോ കോളിംഗും ലക്ഷ്യംവച്ച് 8 എംപി ഫ്രണ്ട് ക്യാമറയും 1080p റെക്കോർഡിംഗും ലഭ്യമാണ്. ടെക്നോ പോപ് 9 4ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 15 വാട്ട് ചാർജിംഗ് പിന്തുണയ്ക്കുന്ന യു.എസ്.ബി. സി പോർട്ട് ഫോണിൽ ലഭ്യമാണെന്നത് ശ്രദ്ധേയമാണ്. ഇതിന് IP54 റേറ്റിംഗ് ഉള്ളതിനാൽ ചെറിയ തോതിൽ വെള്ളം, പൊടി എന്നിവയിൽനിന്ന് സംരക്ഷണം ലഭിക്കും. 188.5 ഗ്രാം തൂക്കമുള്ള ഫോണിന് മികച്ച ബിൽഡ് ക്വാളിറ്റിയാണ്. ഫോണിന്റെ വില 6,699 രൂപയിൽ ആരംഭിക്കുന്നു, 3 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിനാണിത്. ബാങ്ക് ഓഫറുകളിലൂടെ 6,499 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്. നവംബർ 26 മുതൽ ആമസോണിൽ മൂന്ന് നിറങ്ങളിൽ ടെക്നോ പോപ് 9 4ജി വാങ്ങാൻ കഴിയും.