March 18, 2026

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

0
67fb6a5e6dd53-tatkal-train-ticket-booking-rule-133957710-16x9

മുന്‍കൂട്ടി ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ ശ്രദ്ദിക്കൂ.. അഡ്വാന്‍സ് റിസര്‍വേഷന്‍ പിരീഡിന്റെ ആദ്യ ദിവസം ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ പ്ലാനുണ്ടെങ്കില്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമായി ചെയ്തിരിക്കണം. നിലവില്‍, ട്രെയിന്‍ പുറപ്പെടുന്ന ദിവസത്തിന്റെ 60 ദിവസം മുമ്പു മുതല്‍ലാണ് എആര്‍പി തുടങ്ങുന്നത്. ഇതിന്റെ ആദ്യ ദിവസത്തില്‍ ആദ്യ നാല് മണിക്കൂറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാകും. അഥവാ രാവിലെ 8 മണി മുതല്‍ 12 മണി വരെ ആധാര്‍ വെരിഫിക്കേഷന്‍ നടത്താത്തവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. ആധാര്‍ വെരിഫിക്കേഷന്‍ ഉള്ള ഐആര്‍സിടിസി ഉപഭോക്താക്കള്‍ക്ക് മറ്റുള്ളവരെക്കാള്‍ നേരത്തെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം മുമ്പു തന്നെ നടപ്പാക്കിയിരുന്നതാണ്. ജനറല്‍ റിസര്‍വേഷന്‍ തുറക്കുന്ന ആദ്യ 15 മിനിറ്റില്‍ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരുന്നു. പിന്നീട് ഇത് രാവിലെ 8 മുതല്‍ 10 വരെയാക്കി. ഇതാണ് ഇപ്പോള്‍ നാല് മണിക്കൂറായി ഉയര്‍ത്തിയത്. വൈകാതെ, ആധാര്‍ വെരിഫിക്കേഷന്‍ ഇല്ലാത്തവരുടെ കാത്തിരിപ്പ് എആര്‍പിയുടെ ആദ്യദിനത്തില്‍ രാത്രി 12 മണി വരെയായി ഉയര്‍ത്താനാണ് നീക്കം. സ്റ്റേഷനുകളിലെ കമ്പ്യൂട്ടറൈസ്ഡ് പിആര്‍എസ് കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പുള്ള ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തിലും മാറ്റങ്ങളുണ്ട്. രാവിലെ 5:01 നും ഉച്ചയ്ക്ക് 2:00 നും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തലേദിവസം രാത്രി 8 മണിക്ക് മുമ്പ് തയ്യാറാക്കും. ഉച്ചയ്ക്ക് 2:01 നും രാത്രി 23:59 നും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്കും, അര്‍ദ്ധരാത്രി 12:00 നും രാവിലെ 05:00 നും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്കും, ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് കുറഞ്ഞത് 10 മണിക്കൂര്‍ മുമ്പെങ്കിലും തയ്യാറാക്കും. തട്ടിപ്പുകള്‍ തടയാനും യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാനും വേണ്ടിയാണ് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *