രാജ്യത്ത് ആപ്പിള്‍ എയര്‍പോഡുകളുടെ ഉത്പാദനം ഉയർന്നു

ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ജനപ്രിയ ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് ആപ്പിള്‍. എര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും അയക്കുന്നതിന് വേണ്ടി രണ്ടാമതൊരു ഫാക്ടറികൂടി ഇന്ത്യയില്‍ തുടങ്ങാൻ ആപ്പിളിന്റെ കരാര്‍ കമ്പനികളിലൊന്നിന് പദ്ധതിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാബില്‍ എന്ന കമ്പനിയാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുതിയ ഫാക്ടറി തുടങ്ങാനൊരുങ്ങുന്നത്.
ജാബില്‍ ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാണ കമ്പനികളില്‍ ഒന്നാണ്. ആപ്പിള്‍ എയര്‍പോഡുകളുടെ ഒരു ഭാഗം നിര്‍മിക്കുന്നതിനുള്ള ജാബിലിന്റെ ഒരു ഫാക്ടറി നിലവില്‍ പുനെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുച്ചിറപ്പള്ളിയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ ഉത്പാദനം ഇരട്ടിയാക്കാന്‍ ജാബിലിന് കഴിയും. ജൂലായോടുകൂടി ഈ പദ്ധതിയില്‍ കമ്പനി അന്തിമ തീരുമാനമെടുക്കും.
ചൈനയുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഉയർത്തിക്കൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം ഉയർത്താനുള്ള പദ്ധതികള്‍ ആപ്പിള്‍ വെളിപ്പെടുത്തിയത്. ആപ്പിളിന്റെ പ്രധാന നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കാണ് യുഎസ് തീരുവ ഏറ്റവും കൂടുതലായി ചുമത്തിയത്. ഈ സാഹചര്യത്തിലാണ് ആപ്പിള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നത്.