ആമസോണിന്‍റെ ഇന്ത്യയില്‍ നിന്നുള്ള ഇ-കോമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു കടന്നു; 2030-ഓടെ 80 ബില്യണ്‍ ഡോളര്‍ ലക്ഷ്യം
കൊച്ചി: ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് പ്രോഗ്രാം വഴി ഇന്ത്യയില്‍ നിന്ന് 2015 മുതല്‍ 2025 വരെയുള്ള ആകെ ഇ കോമേഴ്സ് കയറ്റുമതി 20 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിട്ടതായി ആമസോണ്‍ പ്രഖ്യാപിച്ചു. 2025-ഓടെ ഇന്ത്യയില്‍ നിന്നുള്ള ഇ കോമേഴ്സ് കയറ്റുമതി 10 ബില്യണ്‍ ഡോളറിലെത്തിക്കും എന്നായിരുന്നു ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ ലക്ഷ്യം 20 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയായിരുന്നു. 2015-ലാണ് ഇ കോമേഴ്സ് കയറ്റുമതിക്കായുള്ള പതാകവാഹക പദ്ധതിയായ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 10 വര്‍ഷത്തിനിടെ രണ്ടു ലക്ഷം കയറ്റുമതിക്കാരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വില്‍പനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 33 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഹരിയാന എന്നിവയാണ് ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് വഴിയുള്ള കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ആരോഗ്യം, വ്യക്തിഗത പരിപാലനം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപയോഗ വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയാണ് മുന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍. ആഗോള കയറ്റുമതിയില്‍ ഇ കോമേഴ്സിനുള്ള വര്‍ധിച്ചു വരുന്ന പങ്കാണ് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് ഇന്ത്യ മേധാവി ശ്രീനിധി കല്‍വാപുഡി പറഞ്ഞു.
20230-ഓടെ ആകെ ഇ കോമേഴ്സ് കയറ്റുമതി 80 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യാ മുന്നേറ്റം, ശേഷി വര്‍ധനവ്, പങ്കാളിത്തം എന്നിവയിലൂടെ ആഗോള വില്‍പന ലളിതമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള അവസരമാണ് ആമസോണിന്‍റെ സംവിധാനങ്ങള്‍ തങ്ങള്‍ക്കു നല്‍കിയതെന്ന് ആമസോണ്‍ ഗ്ലോബല്‍ സെല്ലിങിലെ വില്‍പ്പനക്കാരില്‍ ഒന്നായ ഹോംമോണ്‍ഡിന്‍റെ സ്ഥാപകന്‍ സര്‍വേശ് അഗര്‍വാള്‍ പറഞ്ഞു.
