രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ
രാജ്യത്ത് ഡാറ്റാബേസ് നവീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ ഒഴിവാക്കിയതായി യുണീക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. മരിച്ച വ്യക്തികളുടെ ആധാർ വിവരങ്ങളാണ് ഇത്തരത്തിൽ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്തതെന്ന് കേന്ദ്ര ഇലക്ട്രോണിക്സസ് ആൻഡ് ഐടി മന്ത്രാലയം വ്യക്തമാക്കി.
മരിച്ച വ്യക്തികളുടെ ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനും വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൂർണ്ണമായും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത് യുഐഡിഎഐ സൂചിപ്പിച്ചു.മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ദേശീയ സാമൂഹിക സഹായ പദ്ധതികൾ, പൊതുവിതരണ സംവിധാനങ്ങൾ എന്നിവയുടെ സഹായം യുഐഡിഎഐ തേടിയിരുന്നു. ഭാവിയിൽ വിവര ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.
