യുപിഐ മേഖലയിൽ പുതുചുവടുവെപ്പ്; ജിയോ ‘ജിയോസൗണ്ട്പേ’ അവതരിപ്പിച്ചു, ചെറുകിട വ്യാപാരികൾക്ക് ലാഭം

മുംബൈ: യുപിഐ പേയ്മെന്റ് സംവിധാനത്തിൽ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോഭാരത് ഫോണുകളിൽ സൗജന്യമായി ലഭ്യമാക്കുന്ന ‘ജിയോസൗണ്ട്പേ’ സംവിധാനം ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. ഇതിന്റെ പ്രധാന ലക്ഷ്യം രാജ്യത്തെ അഞ്ചുകോടിയോളം ചെറുകിട കച്ചവടക്കാരെ പ്രയോജനപ്പെടുത്തുകയാണെന്ന് ജിയോ അറിയിച്ചു. ‘ജിയോസൗണ്ട്പേ’ വഴി യുപിഐ പേയ്മെന്റുകൾ സ്ഥിരീകരിച്ച വിവരം ലൈവായി വിവിധ ഭാഷകളിൽ ജിയോഭാരത് ഫോണിൽ കേൾക്കാനാകും.
ഇത് ചെറുകിട കച്ചവടക്കാർക്ക് സാങ്കേതിക സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ പ്രയോജനപ്പെടുത്താൻ സഹായിക്കും. പുതിയ സംവിധാനത്തിന്റെ ഗുണം വഴി കച്ചവടക്കാർക്ക് ഒട്ടനവധി ചെലവ് ലാഭിക്കാനാകും. നിലവിൽ സൗണ്ട് ബോക്സ് ഉപയോഗിച്ച് പേയ്മെന്റ് സ്ഥിരീകരണത്തിന് പ്രതിമാസം 125 രൂപ ചെലവാകും. ‘ജിയോസൗണ്ട്പേ’ സംവിധാനം ഉപയോഗിച്ച് ഇത്തരത്തിൽ ചെലവ് ഒഴിവാക്കാം, കൂടാതെ പ്രതിവർഷം 1500 രൂപ വരെ ലാഭിക്കാനാകും. 699 രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ 4ജി ഫോണായ ജിയോഭാരത് ഫോൺ സ്വന്തമാക്കിയ ഏതൊരു വ്യാപാരിക്കും വെറും ആറുമാസത്തിനുള്ളിൽ ഫോൺ വില മുഴുവൻ തിരിച്ചു പിടിക്കാനാകും. ചെറുകിട കച്ചവടക്കാർ, പച്ചക്കറി വിൽപ്പനക്കാർ, തട്ടുകട വ്യാപാരികൾ തുടങ്ങിയവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.