ഒലയ്‌ക്കും ഉബറിനും വെല്ലുവിളി; രാജ്യത്തെ ആദ്യ സഹകരണ ക്യാബ് സര്‍വീസുമായി കേന്ദ്രസര്‍ക്കാര്‍
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ഭാരത് ടാക്സി സർവ്വീസ് അവതരിപ്പിക്കുന്നു. സഹകരണ മന്ത്രാലയത്തിന്റെയും നാഷണല്‍ ഇ-ഗവേണൻസ് ഡിവിഷന്റെയും കീഴിലാണ് ഭാരത് ടാക്സി സർവ്വീസ് തുടങ്ങുന്നത്.നവംബർ ആദ്യവാരം ഡല്‍ഹി വിമാനത്താവളങ്ങളിലും തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലും പരിക്ഷണാടിസ്ഥാനത്തില്‍ ടാക്സി ഓടിത്തുടങ്ങും. ഡിസംബറോടെ ഇന്ത്യയിലെ 20 നഗരങ്ങളില്‍ പ്രവർത്തനം വ്യാപിപ്പിക്കും.
ഓല, ഉബർ എന്നീ സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളിയുയർത്തിക്കൊണ്ടാണ് ഭാരത് ടാക്സിയുടെ കടന്നുവരവ്. നിർദ്ദിഷ്ട ആപ്പിലൂടെയാണ് ഇതിന്റെയും സേവനം ലഭിക്കുക. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ്, മള്‍ട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന് കീഴില്‍ ‘സഹകർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡ്’ ഔപചാരികമായി രജിസ്റ്റർ ചെയ്തത്.
ഡ്രൈവർമാർക്ക് ഓഹരിയുടമകളാൻ കഴിയും എന്ന സവിശേഷത കൂടിയുണ്ട്.അമുല്‍ ബ്രാൻഡ് പിറവിയെടുത്ത ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത അധ്യക്ഷനായ’ ഗവേണിംഗ് കൗണ്‍സിലിനാണ് പദ്ധതിയുടെ മേല്‍നോട്ടം.യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കും ഡ്രൈവർമാർക്ക് കൂടുതല്‍ ലാഭവും എന്നതാണ് ഇതിന്റെ മുഖമുദ്ര. നിലവില്‍ സ്വകാര്യ കമ്പനികള്‍ ടാക്സി കൂലിയുടെ 25 ശതമാനം വരെ ഡ്രൈവർമാരില്‍ നിന്നും കമ്മീഷനായി ഈടാക്കുന്നുണ്ട്.
