എയർബാഗ് പാളിച്ചയും വയറിംഗ് പ്രശ്നവും; അമേരിക്കയിൽ 80,000 കാറുകൾ തിരികെ വിളിച്ച് കിയ

വാഷിങ്ടൺ: കാറുകളിൽ കണ്ടെത്തിയ വയറിംഗ് പാളിച്ചയും എയർബാഗ് പ്രവര്‍ത്തനത്തിലെ കുറവുകളും കാരണം, കിയ അമേരിക്കയിൽ 80,000-ലധികം കാറുകൾ തിരിച്ചുവിളിക്കുന്നു. മുന്നിലെ യാത്രക്കാരുടെ സീറ്റിന് താഴെയുള്ള ഫ്ലോർ വയറിംഗ് തകരാറിലാകുന്നത് എയർബാഗ്, സീറ്റ് ബെൽറ്റ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനിൽ ഫയൽ ചെയ്ത രേഖകൾ വ്യക്തമാക്കുന്നു.
ഇക്കാര്യത്തെ തുടർന്നു, കിയ ഡീലർമാർ കാറുകളുടെ ഫ്ലോർ വയറിംഗ് അസംബ്ലി സൗജന്യമായി പരിശോധിക്കുകയും, ആവശ്യമെങ്കിൽ മാറ്റിസ്ഥാപിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യും. കൂടാതെ, വയറിംഗ് കവറുകൾ സ്ഥാപിക്കുന്നതും കമ്പനി ഉറപ്പു നൽകിയിരിക്കുന്നു. നവംബർ മാസത്തിൽ, ഹ്യുണ്ടായി, കിയ എന്നിവയും ചേർന്ന് 208,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ പാളിച്ച കാരണം തിരികെ വിളിച്ചിരുന്നു.