രാജ്യവ്യാപകമായി ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കി; നികുതി അടവിന്റെ സമയ പരിധി രണ്ടു ദിവസം കൂടി നീട്ടി

രാജ്യവ്യാപകമായി ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കിയതോടെ പ്രതിമാസ നികുതി അടവുകള്‍ അനിശ്ചിതത്വത്തിലായി. വ്യാപാരികള്‍ക്ക് ജിഎസ്ടി അടക്കാനാകുന്നില്ലെന്ന പരാതികള്‍ ഉയർന്നതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് റിട്ടേണുകളും നികുതിയടവും സമര്‍പ്പിക്കാനുള്ള അവസാന തീയതി രണ്ടുദിവസം കൂടി നീട്ടി വിജ്ഞാപനം ഇറക്കി. ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് താത്കാലിക തടസ്സങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പോര്‍ട്ടലിന്റെ അറ്റകുറ്റപ്പണികളും ഇതിന് കാരണമായെന്ന് എക്സ്സ് പോസ്റ്റിൽ വ്യക്തമാക്കി. ഡിസംബര്‍ മാസത്തെ ജിഎസ്ടി ആര്‍1 ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജനുവരി 13 ആയി നീട്ടി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ക്യുആര്‍എംപി സ്‌കീം പ്രകാരം ത്രൈമാസ നികുതിദായകര്‍ക്ക്, പേയ്‌മെന്റ് നല്‍കാനുള്ള അവസാന തീയതി ജനുവരി 15 ആണ്. നേരത്തെ, ഈ തീയതികള്‍ യഥാക്രമം ജനുവരി 11, 13 ആയിരുന്നു. കൂടാതെ, ജിഎസ്ടി ആര്‍ 3 ബി ഫയല്‍ ചെയ്യുന്നതിന് ഉള്ള അവസാന തീയതി ജനുവരി 20 ല്‍ നിന്ന് 22 ലേക്ക് നീട്ടിയിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള രജിസ്‌ട്രേഷനുള്ള നികുതിദായകര്‍ക്ക്, ജിഎസ്ടി അടവുകളുടെ അവസാന തീയതി 24-നും 26-നും നീട്ടി.