വണ്‍പ്ലസ് 13ആര്‍; ശക്തമായ ചിപ്‌സെറ്റ്, എഐ ഫീച്ചറുകളും ജനുവരി 7ന് വിപണിയിലേക്ക്

ദില്ലി: 2025 ജനുവരി 7ന് വണ്‍പ്ലസ് 13 സീരിസിലെ വണ്‍പ്ലസ് 13ആർ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങും. ആമസോൺ വഴിയാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാകുക. റിലീസിന് മുമ്പ് വണ്‍പ്ലസ് 13ആറിന്റെ സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടു, കൂടിയ വിവരങ്ങൾ അടുത്ത ദിവസം ലഭ്യമാകും. മിഡ്-റേഞ്ച് ഫോൺ എന്ന നിലയിൽ വണ്‍പ്ലസ് 13ആർ സ്‌നാപ്‌ഡ്രാഗൺ 8 ജനറേഷൻ 3 സോക് ചിപ്‌സെറ്റുമായി എത്തുന്നു. ഈ ചിപ്‌സെറ്റിന് എഐ ഫീച്ചറുകൾ ഉൾപ്പെടുത്താൻ ശേഷിയുണ്ട്, അതിൽ എഐ നോട്‌സ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളും ഉൾപ്പെടുന്നു. മുൻ മോഡലായ വണ്‍പ്ലസ് 12ആറിൽ സ്‌നാപ്‌ഡ്രാഗൺ 8 ജനറേഷൻ 2 സോക് ചിപ്‌സെറ്റ് ഉപയോഗിച്ചിരുന്നു. അതേസമയം, ചൈനയിൽ പുറത്തിറങ്ങിയ വണ്‍പ്ലസ് 13 മോഡലിൽ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരുന്നത്, ആഗോള പതിപ്പിലും ഇതു തുടരും.
വണ്‍പ്ലസ് 13ആറും വണ്‍പ്ലസ് 13 മോഡലും ജനുവരി 7ന് ലോകമെമ്പാടുമുള്ള വിപണികളിൽ പുറത്തിറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് ലോഞ്ചിംഗ്. വണ്‍പ്ലസ് 13ആർ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്നു. 6,000 എംഎഎച്ച് കരുത്തുറ്റ ബാറ്ററിയോടെയാണ് ഇത് എത്തുന്നത്, മുൻ പതിപ്പായ വണ്‍പ്ലസ് 12ആറിൽ 5,000 എംഎഎച്ച് ബാറ്ററിയായിരുന്നു. ഗ്രീൻലൈൻ പ്രശ്നങ്ങൾ പരിഹരിക്കാൻ വണ്‍പ്ലസ് ലൈഫ്‌ടൈം വാറന്റിയും നൽകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലീക്കുകൾ പ്രകാരം, 12 ജിബി റാം, ആൻഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഓക്സിജൻ ഒഎസ് 15.0, 6.78 ഇഞ്ച് അമോല്ഡ് ഡിസ്‌പ്ലെ, 50 എംപിയുടെ ട്രിപ്പിൾ റിയർ ക്യാമറ, 16 എംപി സെൽഫി ക്യാമറ, 80 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ വണ്‍പ്ലസ് 13ആറിൽ ഉണ്ടാകും.