ബ്രേക്കിടുമ്പോൾ സ്റ്റിയറിംഗ് വൈബ്രേഷൻ: ജിംനിയുടെ തകരാർ അംഗീകരിച്ച് മാരുതി, പരിഹാര നടപടികൾ ആരംഭിച്ചു

മാരുതി സുസുക്കി ജിംനിയുടെ ബ്രേക്ക് സിസ്റ്റത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയും ഡീലർമാരും പരിഹാര നടപടികൾ ആരംഭിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ബ്രേക്ക് ചെയ്യുമ്പോൾ സ്റ്റിയറിംഗ് വീൽ കുലുങ്ങുകയും ഇളകുകയും ചെയ്യുന്ന പ്രശ്നമാണ് കമ്പനി ഏറ്റുപറഞ്ഞിരിക്കുന്നത്. നെക്സ സർവീസ് ഔട്ട്ലെറ്റുകളിലുടെ ജിംനിയുടെ പ്രധാന ബ്രേക്ക് ഘടകങ്ങൾ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങളിലേക്ക് കമ്പനി കടന്നുകൂടി.വേഗത 60 കിലോമീറ്ററിൽ താഴെ ആയാൽ പ്രശ്നം ഉണ്ടാകില്ലെങ്കിലും 80 കിലോമീറ്റർ വേഗതയിൽ സ്റ്റിയറിംഗ് വൈബ്രേഷൻ ഉണ്ടാകുന്നതായി നിരവധി ജിംനി ഉടമകൾ പരാതിപ്പെട്ടിരുന്നു. 5,000 കിലോമീറ്റർ ഓടിയ വാഹനങ്ങളിൽ ഇത് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാരുതി തന്റെ ‘സർവീസ് ബുള്ളറ്റിനിൽ’ തകരാർ സമ്മതിക്കുകയും തെറ്റായ കിംഗ് പിൻ സെറ്റിനെ തുടർന്നാണ് ഈ പ്രശ്നമെന്നും വ്യക്തമാക്കിയിട്ടുണ്ട്.മാരുതി ഉടമകളുമായി നേരിട്ട് ബന്ധപ്പെടുകയും ജിംനിയുടെ കിംഗ് പിൻ സെറ്റ് സൗജന്യമായി മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഡീലർമാർ കിംഗ് പിൻ സെറ്റ് മാറ്റുന്നതിന് മുമ്പ് പ്രശ്നം പരിശോധിക്കുകയും വീഡിയോ പ്രൂഫ് സഹിതം നടപടികൾ കൈക്കൊള്ളുകയും ചെയ്യും. ഡിസ്ക് തേയ്മാനം സജീവമായാൽ അതും വാറന്റി പ്രകാരം സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കിംഗ് പിൻ സെറ്റ്, ഡിസ്ക് ബ്രേക്കുകൾ എന്നിവയുടെ ലേബർ ഉൾപ്പെടെയുള്ള ചെലവ് യഥാക്രമം 2,020 രൂപയും 4,400 രൂപയുമാണ്. 1970-ൽ ജപ്പാനിൽ അരങ്ങേറിയ ജിംനി, ഏതു കാലത്തും ഓഫ്-റോഡ് സവിശേഷതകളിലൂടെ ശ്രദ്ധേയമായ ഒരു എസ്യുവിയാണ്. 2023 ജൂണിലാണ് ജിംനി ഇന്ത്യയിലെത്തിയത്. 1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ജിംനി പരമാവധി 105 എച്ച്പി പവർ, 134 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സോ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സോ ആണ് ലഭ്യമായ ഓപ്ഷനുകൾ. സുരക്ഷയെയും സവിശേഷതകളെയും മുൻനിരയിൽ വെക്കുന്ന ജിംനിയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ഇബിഡിയോടു കൂടിയ ആൻ്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസൻറ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകൾ സജ്ജീകരിച്ചിട്ടുണ്ട്. പുറംകാഴ്ചയിൽ ജിംനിയുടെ ബോക്സി രൂപഭാവവും മികച്ച ഇന്റീരിയർ സവിശേഷതകളും ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമാക്കുന്നു.