വിവോ എക്‌സ്200 സിരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു, വൺപ്ലസ് 13 ന് കടുത്ത എതിരാളി

ദില്ലി: പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ, അതിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സിരീസ് എക്‌സ്200 ഇന്ത്യയിൽ അവതരിപ്പിച്ചു. എക്‌സ്200, എക്‌സ്200 പ്രോ എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഈ സിരീസ്, പ്രീമിയം സൗകര്യങ്ങളോടെയുളള അത്യാധുനിക ക്യാമറ സാങ്കേതികവിദ്യകൾ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്പാണ് ഇരു മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. എക്‌സ്200 സിരീസിൽ ഇന്ത്യയിലേക്ക് 12 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള മോഡലിന് ₹65,999 ആണ് വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റായ എക്‌സ്200 പ്രോയുടെ വില ₹94,999. എന്നാൽ, ചൈനയിൽ അവതരിപ്പിച്ച എക്‌സ്200 മിനി മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല. അടുത്ത മാസം വരാനിരിക്കുന്ന വൺപ്ലസ് 13യെ നേരിടുന്നതാണ് വിവോയുടെ ലക്ഷ്യം.
വിവോ എക്‌സ്200 സവിശേഷതകൾ
വിവോ എക്‌സ്200 6.67 ഇഞ്ച് ഒഎൽഇഡി എൽടിപിഎസ് ക്വാഡ് ഡിസ്‌പ്ലേയോട് കൂടിയതാണ്, കൂടിയ ബ്രൈറ്റ്‌നസ് 4,500 നിറ്റ്സ്. 90 വാട്ട് വയേർഡ് ചാർജിംഗുള്ള 5,800 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയത്. റിയർ ക്യാമറ സെറ്റപ്പിൽ 50 എംപി സോണി ഐഎംഎക്സ്921 പ്രൈമറി സെൻസർ, 50 എംപി ഐഎംഎക്സ്882 ടെലിഫോട്ടോ ലെൻസ്, 80 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് എന്നിവയും ഉൾപ്പെടുന്നു.
വിവോ എക്‌സ്200 പ്രോ സവിശേഷതകൾ
വിവോ എക്‌സ്200 പ്രോ കൂടുതൽ പ്രീമിയം ഫീച്ചറുകളോടെ സജ്ജീകരിച്ചിരിക്കുന്നു. 6.67 ഇഞ്ച് എൽടിപിഒ ഡിസ്‌പ്ലേയും 1.63 എംഎം സ്ലിം ബെസലുകളും പ്രോയുടെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു. 200 എംപി സീസ്സ് എപിഒ ടെലിഫോട്ടോ സെൻസർ, വിവോ വി3+ ഇമേജിംഗ് ചിപ്പ്, 4കെ എച്ച്‌ഡിആർ സിനിമാറ്റിക് പോട്രൈറ്റ് വീഡിയോ, 60fps 10-ബിറ്റ് ലോംഗ് വീഡിയോ റെക്കോർഡിംഗ് എന്നിവ ഈ മോഡലിനെ വിപണിയിലെ മുൻനിരയിൽ നിറുത്തുന്നു. 90 വാട്ട് ഫാസ്റ്റ് ചാർജിംഗോടെയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. വൺപ്ലസ് 13യെ നേരിടാൻ വിപണിയിൽ ഇറങ്ങിയ എക്‌സ്200 സിരീസ്, പ്രീമിയം ക്യാമറ സാങ്കേതികവിദ്യകളാൽ ശ്രദ്ധേയമാകുന്നു.