June 8, 2025

കുരുമുളക് വില ഉയരുന്നു; ഏലക്ക വിലയിൽ നേരിയ ഇടിവ്

0
images (1) (18)

ആഗോള വിപണിയിൽ കുരുമുളക് വില കുതിച്ചുയരുകയാണ്. പ്രധാന ഉൽപാദക രാജ്യങ്ങളിൽ ചരക്ക് ക്ഷാമം വർധിച്ചതോടെ കയറ്റുമതിക്കാർ ഉൽപ്പന്നത്തിനായി നെട്ടോട്ടത്തിലാണ്. വിയെറ്റ്നാമിൽ നവംബറിലെ കയറ്റുമതികൾ പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. ഓർഡറുകളുടെ കാലാവധി ഡിസംബർ വരെ നീട്ടിയെങ്കിലും കുരുമുളക് ക്ഷാമം കയറ്റുമതി മേഖലയെ കുഴക്കുകയാണ്. കംബോഡിയിൽ നിന്നുള്ള മുളക് സംഭരിക്കാൻ നടത്തിയ വിയെറ്റ്നാമിന്റെ ശ്രമവും വിജയിച്ചില്ല. ഹൈറേഞ്ച് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ള നാടൻ കുരുമുളകിന്റെ വരവ് കുറഞ്ഞ അളവിലാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില ക്വിൻറ്റലിന് 100 രൂപ കൂടി 64,500 രൂപയായി.

റബർ വിപണിയിൽ സ്ഥിരത

മികച്ച കാലാവസ്ഥയുടെ അനുകൂലതയിൽ റബർ ടാപ്പിംഗ് സജീവമായതോടെ കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ നാലാം ഗ്രേഡ് റബർ 190 രൂപക്ക് വിപണനം നടന്നു. ടയർ വ്യവസായികൾ നിരക്ക് കുറയ്ക്കാൻ ശ്രമിച്ചെങ്കിലും കാർഷിക മേഖലയിൽ ഷീറ്റ് നീക്കത്തിൽ നിയന്ത്രണം തുടരുന്നതിനാൽ വിവിധ വിപണികളിൽ ഷീറ്റ് വില സ്ഥിരത പുലർത്തി. ഏഷ്യൻ റബർ മാർക്കറ്റുകൾ പുതിയ വ്യവഹാര മാർഗങ്ങൾ അന്വേഷിക്കുന്ന ഘട്ടത്തിലാണ്. വർഷാന്ത്യത്തിലൂടെ തിരക്കേറിയ വാങ്ങലുകളിൽ നിന്ന് ഇറക്കുമതി രാജ്യങ്ങൾ താൽക്കാലികമായി വിട്ടുനിന്നു. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 210 രൂപയായി.

ഏലക്ക വിലയിൽ നേരിയ ഇടിവ്

ഏലക്ക വില ചെറിയ തോതിൽ താഴുന്നു. മുൻവാരത്തിൽ 3000 രൂപ വരെ ഉയർന്ന ശരാശരി ഇനങ്ങളുടെ വില കുറവ് കാണിക്കുന്നു. ഇന്ന് നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2837 രൂപയ്ക്കും മികച്ച ഇനങ്ങൾ 3128 രൂപയ്ക്കും കൈമാറി. ക്രിസ്തുമസിന് മുന്നോടിയായി ഏലക്ക സംഭരണം കയറ്റുമതിക്കാർ പൂർത്തിയാക്കിയതും വിലക്കുറവിന് കാരണമായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *