രാജ്യത്ത് മാംസ ഉല്‍പാദനത്തിലും മുട്ട ഉല്‍പാദനത്തിലും വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മാംസ ഉല്‍പാദനം 5 ശതമാനം ഉയര്‍ന്ന് 10.25 ദശലക്ഷം ടണ്ണിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 കാലയളവില്‍ 10.25 ദശലക്ഷം ടണ്‍ മാംസം ഉല്‍പ്പാദിപ്പിച്ച ഇന്ത്യ, 2014-15 ലെ 6.69 ദശലക്ഷം ടണ്ണിനോട് താരതമ്യപ്പെടുത്തുമ്പോള്‍ 10 വര്‍ഷത്തിനിടെ 4.85 ശതമാനം വര്‍ഷേന വളര്‍ച്ചയുമായി മുന്നേറിയതായി രേഖപ്പെടുത്തി. 2022-23 കാലയളവിലെ ഉല്‍പ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023-24ല്‍ 4.95 ശതമാനം ഉയര്‍ച്ചയുണ്ടായി. രാജ്യത്തെ മൊത്തം മാംസ ഉല്‍പ്പാദനത്തില്‍ 12.62 ശതമാനം സംഭാവനയുമായി പശ്ചിമ ബംഗാളാണ് മുന്നില്‍. ഉത്തര്‍പ്രദേശ് (12.29%), മഹാരാഷ്ട്ര (11.28%), തെലങ്കാന (10.85%), ആന്ധ്രാപ്രദേശ് (10.41%) എന്നിവയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങള്‍. മാംസ ഉല്‍പ്പാദനത്തിലെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (എജിആര്‍) അസം 17.93 ശതമാനവുമായി മുന്നിട്ടു. ഉത്തരാഖണ്ഡും (15.63%) ഛത്തീസ്ഗഢും (11.70%) പിന്നിലുണ്ട്. 2023-24 കാലയളവില്‍ ഇന്ത്യയിലെ മൊത്തം മുട്ട ഉല്‍പ്പാദനം 142.77 ബില്യണായി കണക്കാക്കപ്പെട്ടു. 2014-15ല്‍ 78.48 ബില്യണ്‍ മുട്ടകള്‍ ഉല്‍പ്പാദിപ്പിച്ച നിലയില്‍ നിന്നുകൊണ്ട്, കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6.8 ശതമാനം വര്‍ഷേന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2023-24ല്‍ ഉല്‍പ്പാദനം 3.18 ശതമാനം ഉയര്‍ന്നു. മുട്ട ഉല്‍പ്പാദനത്തില്‍ ആന്ധ്രാപ്രദേശ് 17.85 ശതമാനവുമായി മുന്‍ സ്ഥാനത്ത്. തമിഴ്‌നാട് (15.64%) രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്. വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍, ലഡാക്ക് (75.88%), മണിപ്പൂര്‍ (33.84%), ഉത്തര്‍പ്രദേശ് (29.88%) എന്നിവയാണ് മുന്നില്‍. 2023-24ല്‍ മൊത്തം കമ്പിളി ഉല്‍പ്പാദനം 33.69 ദശലക്ഷം കിലോഗ്രാമായി കണക്കാക്കപ്പെട്ടു, 0.22 ശതമാനത്തിന്റെ ചെറിയ വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്പിളി ഉല്‍പ്പാദനത്തില്‍ 47.53 ശതമാനവും രാജസ്ഥാനില്‍ നിന്നാണ് വരുന്നത്. പഞ്ചാബ് 22.04 ശതമാനവുമായി വര്‍ഷേന വളര്‍ച്ചാ നിരക്കില്‍ മുന്നിലെത്തി.