റോയൽ എൻഫീൽഡ് പുതിയ സ്ക്രാം അവതരിപ്പിച്ചു

ഇരുചക്രവാഹന വിപണിയിലെ പ്രമുഖനായ റോയൽ എൻഫീൽഡ്, സ്ക്രാംബ്ലർ മോട്ടോർസൈക്കിളായ സ്ക്രാമിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. ഗോവയിൽ നടന്ന മോട്ടോവേഴ്സ് 2024 പരിപാടിയിലാണ് സ്ക്രാമിന്റെ ഈ പുതിയ പതിപ്പ് അനാവരണം ചെയ്തത്. ഇതിന് മുമ്പുള്ള മോഡലായ സ്ക്രാം 411-ന്റെ എഞ്ചിന് മാറ്റങ്ങൾ വരുത്തിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. മുൻകാലത്ത് ഹിമാലയൻ 411 മോഡലിലെ എഞ്ചിൻ അടിസ്ഥാനമാക്കിയാണ് സ്ക്രാം 411 പുറത്തിറക്കിയത്. എന്നാൽ, ഹിമാലയൻ പിന്നീട് 450 സിസി ഷെർപ എഞ്ചിനിലേക്ക് പരിഷ്കരിച്ചു. പുതിയ സ്ക്രാമിനും ഇത് ലഭിക്കുമെന്നാണ് കരുതിയിരുന്നെങ്കിലും, റോയൽ എൻഫീൽഡ് 411 സിസി എഞ്ചിൻ കൂടുതൽ ശക്തമാക്കി പുറത്തിറക്കുകയായിരുന്നു. പുതിയ സ്ക്രാം ജനുവരി 2024-ൽ വിപണിയിലെത്തും.
മികച്ച എഞ്ചിനും പുതിയ ഫീച്ചറുകളും
പുതിയ സ്ക്രാമിൽ 443 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഉള്ളത്. ഇത് 6,250 RPM-ൽ 25 HP പവറും 4,000 RPM-ൽ 34 Nm ടോർക്കും ഉൽപാദിപ്പിക്കുന്നു. ബോർ 3 എംഎം വർധിപ്പിച്ചതിലൂടെ എഞ്ചിന്റെ കരുത്ത് കൂടുതൽ ആയി. 4.5% അധിക പവറും 6.5% അധിക ടോർക്കും ഈ എഞ്ചിൻ നൽകുന്നു. പഴയ 5-സ്പീഡ് ഗിയർബോക്സിന് പകരം ഇപ്പോൾ 6-സ്പീഡ് ഗിയർബോക്സ് ലഭ്യമാക്കിയിരിക്കുന്നു.
പ്രകടനത്തിൽ മെച്ചവും ആധുനിക സവിശേഷതകളും
ഹിമാലയനുമായി താരതമ്യം ചെയ്യുമ്പോൾ സ്ക്രാമിന്റെ പ്രധാന സവിശേഷതകൾ ഭാരക്കുറവും റൈഡിങ് സൗകര്യവുമാണ്. സ്പോർട്ട്സ് പ്രകടനം മെച്ചപ്പെടുത്താനും ഉപയോഗ സൗകര്യം വർധിപ്പിക്കാനും റോയൽ എൻഫീൽഡ് നിരവധി പുതുമകളാണ് പുതിയ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രേക്കിങ് സിസ്റ്റം നവീകരിച്ച്, സ്വിച്ചബിള്‍ ഡ്യുവൽ ചാനൽ ABS ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈറ്റ് ക്ലച്ചും ട്യൂബ്ലെസ് ടയറുകളും ഉള്ള അലോയ് വീൽ മോഡലും ലഭ്യമാകും. ഇതോടൊപ്പം പഴയ സ്പോക്ക് വീൽ വേരിയന്റും തുടരും. ഷാസിയിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 200 എംഎം ഗ്രൗണ്ട് ക്ലിയറൻസും 795 എംഎം സീറ്റ് ഹൈറ്റും പുതിയ സ്ക്രാമിന്റെ പ്രധാന സവിശേഷതകളാണ്. റോയൽ എൻഫീൽഡിന്റെ ഈ പുതിയ പതിപ്പ് സ്ക്രാം പ്രേമികളിലും റൈഡർമാരിലും കൂടുതൽ ആകർഷണം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.