June 8, 2025

6200 എംഎഎച്ച് ബാറ്ററിയുമായി വണ്‍പ്ലസ് 13ആര്‍; ഫീച്ചറുകള്‍ ചോര്‍ന്നു!

0
IMG-20241124-WA0047

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ വൺപ്ലസ് 13ആർ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് സൂചന. ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 13യോടൊപ്പം ഫോണിന്‍റെ ഇന്ത്യയിലെ അരങ്ങേറ്റം നടക്കുമെന്നാണ് പ്രതീക്ഷ. ചൈനയ്ക്ക് പുറത്തുള്ള ലോഞ്ചിനോടനുബന്ധിച്ച് വൺപ്ലസ് 13ആറിന്റെ പ്രധാന ഫീച്ചറുകൾ ചോർന്നിരിക്കുകയാണ്. മുൻഗാമിയായ വൺപ്ലസ് 12ആറിനേക്കാൾ മികച്ച അപ്‌ഡേറ്റുകളോടെ വൺപ്ലസ് 13ആർ പ്രതീക്ഷിക്കുന്നത്. 6.78 ഇഞ്ച് 1.5കെ റെസല്യൂഷനുള്ള ബിഒഇ എക്സ്2 ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഇതിലെ പ്രധാന സവിശേഷത. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന എൽടിപിഒ പാനലും ക്വാൽ‌കോം സ്‌നാപ്‌ഡ്രാഗൺ 8 ജെനറേഷൻ 3 പ്രോസസറുമാണ് വൺപ്ലസ് 13ആറിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഓക്‌സിജൻ ഒഎസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് സംവിധാനമാണ് ഫോൺ ഉപയോഗിക്കുന്നത്.

വമ്പൻ ബാറ്ററി

വൺപ്ലസ് 13ആറിൽ 6,200 എംഎഎച്ച് ബാറ്ററി വരും എന്ന വിവരമാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. ഇത് വൺപ്ലസ് 13ൽ ലഭ്യമാകുന്ന 6000 എംഎഎച്ച് ബാറ്ററിയേക്കാൾ വലുതാണ്. മുൻ മോഡലായ വൺപ്ലസ് 12ആറിൽ 5500 എംഎഎച്ച് ബാറ്ററിയായിരുന്നു. 100 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിൽ ഉണ്ടാകും.

ട്രിപ്പിള്‍ ക്യാമറയും ആധുനിക ഫീച്ചറുകളും

വൺപ്ലസ് 13ആറിൽ ട്രിപ്പിള്‍ റിയർ ക്യാമറ സെറ്റപ്പ് ലഭിക്കും. 50 എംപി പ്രൈമറി സെൻസർ ക്യാമറയുടെ മുഖ്യ സവിശേഷതയായിരിക്കും. ഗെയിമിംഗ് പ്രേമികൾക്കായി അപ്ഗ്രേഡ് ചെയ്ത കൂളിംഗ് ചേമ്പറുമുണ്ട്.

സുരക്ഷാ സവിശേഷതകൾ

വൺപ്ലസ് 13ആർ ഐപി68 റേറ്റിംഗ് പിന്തുണയ്ക്കും. വൺപ്ലസ് 13യിൽ ഐപി69 സവിശേഷതകളും ഉണ്ടാവും. ഇവയെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും കമ്പനി ഔദ്യോഗികമായി ഫീച്ചറുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *