ഐഫോണിനോടടുത്ത രൂപകൽപ്പന: ചര്‍ച്ചയാകുന്നു ഒപ്പോ റെനോ 13 സീരീസിന്റെ ചിത്രങ്ങള്‍

ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ മോഡലുകൾ, ഒപ്പോ റെനോ 13 സീരീസിലെ റെനോ 13, റെനോ 13 പ്രോ എന്നിവ ഉടൻ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഈ മാസം അവസാനം ചൈനയിൽ ഈ മോഡലുകൾ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോഞ്ചിന് മുമ്പായി ഫോണുകളുടെ ഡിസൈൻ ചോർന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ സീരീസ് രണ്ട് നിറങ്ങളിലായിരിക്കും പുറത്തിറങ്ങുക. പവർ, വോളിയം സ്വിച്ചുകൾ വലതുഭാഗത്ത് ഫ്ലാറ്റ് എഡ്ജുകളോടെ ഉള്ളതിനാൽ ഫോൺ ഐഫോൺ 12യെ പോലെ തോന്നുന്നുവെന്നാണ് പുറത്തുവന്ന ചിത്രങ്ങളിലെ വിശേഷണം. 2020ൽ പുറത്തിറങ്ങിയ ഐഫോൺ 12യുടെ സ്റ്റൈലിലുള്ള റിയർ ക്യാമറ സെറ്റപ്പും, ഡിസൈൻ സമാനതയും ഫോൺ കണ്ടവർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.ഒപ്പോ റെനോ 13 പ്രോ മോഡൽ 6.78 ഇഞ്ച് ഖ്വാഡ്-മൈക്രോ-കർവ്ഡ് എൽടിപിഒ ഒഎൽഇഡി സ്ക്രീനോടെയാകും വിപണിയിലെത്തുക. 50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസ്, 50 എംപി ടെലിഫോട്ടോ സെൻസർ എന്നിവയടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും, 50 എംപി മുൻ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നു. മീഡിയടെക് ഡൈമൻസിറ്റി 8350 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന 16 ജിബി റാം, 1 ടിബി സ്റ്റോറേജ്, 5,900 എം എ എച്ച് ബാറ്ററി, 80 വാട്ട് വയേർഡ്, 50 വാട്ട് വയർലെസ് ചാർജിംഗ് സപ്പോർട്ട് എന്നിവ ഉള്ള പ്രോ മോഡൽ സവിശേഷതകളായി വരുമെന്നാണ് പ്രതീക്ഷ. എന്നാൽ ഓപ്പോ റെനോ 13 സ്റ്റാൻഡേർഡ് മോഡലിന്റെ ഫീച്ചറുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.