March 27, 2026

ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 3.09% കുറഞ്ഞു

0
images (1) (20)

ഭക്ഷ്യ എണ്ണ ഇറക്കുമതി ഇന്ത്യയില്‍ 3.09 ശതമാനം കുറഞ്ഞ് 159.6 ലക്ഷം ടണ്ണായി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, കഴിഞ്ഞ എണ്ണ വര്‍ഷത്തിൽ (നവംബര്‍-ഒക്ടോബര്‍) 164.7 ലക്ഷം ടണ്‍ ഇറക്കുമതി നടത്തിയിരുന്നു.മൂല്യത്തില്‍, 2023-24 വര്‍ഷത്തെ ഇറക്കുമതി 1,31,967 കോടി രൂപയായി കുറഞ്ഞു, കഴിഞ്ഞ വര്‍ഷം ഇത് 1,38,424 കോടി രൂപ ആയിരുന്നുവെന്ന് സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) വ്യക്തമാക്കി.’വിവിധ ഘടകങ്ങള്‍ കൊണ്ട് അന്താരാഷ്ട്ര വിലകള്‍ ഉയരുകയും അതോടെ ഇന്ത്യയിലെ ആഭ്യന്തര വിലയില്‍ വര്‍ധനവുണ്ടാകുകയും ചെയ്തു. ഇതാണ് ഇറക്കുമതി കുറയാന്‍ കാരണമായത്,’ എന്ന് എസ്ഇഎ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.ഡാറ്റ പ്രകാരം, ക്രൂഡ് പാം ഓയില്‍ ഇറക്കുമതി 2023-24 വര്‍ഷത്തില്‍ 75.88 ലക്ഷം ടണ്ണില്‍ നിന്ന് 69.70 ലക്ഷം ടണ്ണായി കുറയുകയും, ആര്‍ബിഡി പാമോലിന്‍ ഇറക്കുമതി 21.07 ലക്ഷം ടണ്ണില്‍ നിന്ന് 19.31 ലക്ഷം ടണ്ണായി ചുരുങ്ങുകയും ചെയ്തു.സോഫ്റ്റ് ഓയിലുകളില്‍, സോയാബീന്‍ എണ്ണയുടെ ഇറക്കുമതി 35.06 ലക്ഷം ടണ്ണില്‍ നിന്ന് 34.41 ലക്ഷം ടണ്ണായി കുറഞ്ഞപ്പോള്‍, സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 30.01 ലക്ഷം ടണ്ണില്‍ നിന്ന് 35.06 ലക്ഷം ടണ്ണായി ഉയര്‍ന്നു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ശുദ്ധീകരിച്ച എണ്ണയുടെ വിഹിതം 3 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നപ്പോള്‍ ക്രൂഡ് ഓയിലിന്റെ വിഹിതം 97 ശതമാനത്തില്‍ നിന്ന് 88 ശതമാനമായി കുറഞ്ഞു.നവംബര്‍ ഒന്നിന് വിവിധ തുറമുഖങ്ങളില്‍ 24.08 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് വ്യവസായ സംഘടന അറിയിച്ചു. ഇന്തോനേഷ്യയും മലേഷ്യയും ഇന്ത്യയിലേക്ക് ആര്‍ബിഡി പാമോലിന്‍, ക്രൂഡ് പാം ഓയില്‍ എന്നിവയുടെ പ്രധാന വിതരണക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *