കെഎസ്ആര്‍ടിസി ബസുകളില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം; ഡെബിറ്റ് കാര്‍ഡും യുപിഐയും ഉപയോഗിച്ച് ഇനി സുഖകരമായ യാത്ര

കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ ടിക്കറ്റുകൾ ഡിജിറ്റലായി എടുക്കാം. കയ്യിൽ കാശില്ലന്നു കരുതി ബസിൽ കയറാൻ ഇനി ആശങ്ക വേണ്ട. ഡെബിറ്റ് കാർഡുകൾ വഴി, യുപിഐ ആപ്പുകൾ ഉപയോഗിച്ച് പണം അടച്ച് ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഇതിനകം തന്നെ തിരുവനന്തപുരത്തെ ചില ബസുകളിൽ നടപ്പിലാക്കിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ ബസുകളിലും വ്യാപിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ ചലോ ആപ്പുമായി കരാർ ഒപ്പിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ രീതികൾ, ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കാനുള്ള സൗകര്യം എന്നിവയും ചലോ ആപ്പിലൂടെ ലഭ്യമാക്കും. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാൻ സാധിക്കില്ല. 4,000-ത്തിലധികം ബസുകളുടെ വിവരങ്ങൾ ചലോ ആപ്പിൽ അപ്പ്‌ലോഡ് ചെയ്യുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. ഈ ആപ്പിലൂടെ യാത്രക്കാർക്ക് തങ്ങളുടെ ബസ് എവിടെയെത്തി, ഏത് ബസുകൾ റൂട്ടിൽ ഓടുന്നുണ്ട്, ബസ് എത്തുന്ന സമയം എന്നിവ അറിയാൻ കഴിയും. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ളതാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ചില സ്വകാര്യ ബസുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസുകളിൽ ഇതേ സൗകര്യം ലഭ്യമാകുന്നത് യാത്രക്കാരെ വളരെ സഹായകരമാകും.