ഇന്ത്യയിൽ റെക്കോഡ് വരുമാനം നേടി ആപ്പിൾ

കൊച്ചി: ഇന്ത്യയിൽ റെക്കോഡ് വരുമാനം നേടി ആപ്പിൾ. ഐഫോൺ വിൽപ്പനയിൽ ഉണ്ടായ വർധനയും, ഐപാഡ്, മാക് ബുക്ക്, എയർപോഡ് എന്നിവയിലുണ്ടായ ഉയർന്ന ഡിമാൻഡും ഈ നേട്ടത്തിന് കാരണമായി. വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.എന്നിരുന്നാലും, റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഇന്ത്യയിൽ ഏകദേശം 400 കോടി ഡോളർ (33,700 കോടി രൂപ) വരുമാനം നേടാൻ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. മൊബൈൽ ഫോൺ മാർക്കറ്റിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 22 ശതമാനത്തോടുകൂടി ആപ്പിൾ രണ്ടാം സ്ഥാനത്താണ്. 22.8 ശതമാനവുമായി സാംസങ് ഒന്നാമതുണ്ട്.ആപ്പിളിന്റെ ആഗോള അറ്റ വിൽപ്പനയിൽ കഴിഞ്ഞ പാദത്തിൽ ആറുശതമാനത്തിന്റെ വളർച്ചയുണ്ടായി. 9,500 കോടി ഡോളറിന്റെ വിൽപ്പന ഈ കാലയളവിൽ കമ്പനി രേഖപ്പെടുത്തി.