ഐ.ടി.ഐ. പഠനം പൂർത്തിയാക്കിയവർക്കായി ജില്ലാതല സ്പെക്ട്രം ജോബ് ഫെയർ: സംസ്ഥാനതല ഉദ്ഘാടനം 24ന്

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്പനികളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം കഴിഞ്ഞവർക്കും വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് ഫെയർ ഒക്ടോബർ 24 മുതൽ നവംബർ 4 വരെ നടക്കും. ജില്ലകളിലെ നോഡൽ ഐ.ടി.ഐകളിൽ സ്പെക്ട്രം ജോബ് ഫെയർ സംഘടിപ്പിക്കുക.തൊഴിലന്വേഷകർ www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജില്ലാതല ജോബ് ഫെയറിന് ഓൺലൈനായി അപേക്ഷിക്കാം. കൂടാതെ, തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.തൊഴിൽ മേളയുടെ വിശദമായ വിവരങ്ങൾ കേരളത്തിലെ എല്ലാ സർക്കാർ ഐ.ടി.ഐകളിലും ലഭ്യമാകുന്നതാണ്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 24-ന് ആലപ്പുഴയിലെ ചെങ്ങന്നൂർ ഐ.ടി.ഐയിൽ നടക്കും. യുവജനകാര്യ, സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാന്റെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും.