June 8, 2025

ആർത്തവവിരാമം: സ്ത്രീ ജീവിതത്തിലെ ഒരു പ്രധാന ഘട്ടം

0
IMG-20241015-WA0159

ഡോ ലേഖ കെ. എൽ, സീനിയർ കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, അപ്പോളോ അഡ്ലക്സ്സ്‌ ഹോസ്പിറ്റൽ, അങ്കമാലി, എറണാകുളം

ആർത്തവവിരാമം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. സാധാരണയായി 45-55 വയസ്സിനുള്ളിൽ, അണ്ഡാശയങ്ങൾ അണ്ഡം ഉത്പാദിപ്പിക്കുന്നത് കുറയുന്നതോടെയാണ് ഇത് സംഭവിക്കുന്നത്. ഇതോടൊപ്പം സ്ത്രീ ഹോർമോണുകളുടെ അളവിലും കുറവുണ്ടാകും. ഈ മാറ്റങ്ങൾ ഒരു സ്ത്രീയുടെ പ്രത്യുത്പാദന കാലഘട്ടത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്നു.

ആർത്തവവിരാമം പ്രധാനമായും പ്രായമാകുന്നതിൻ്റെ ഫലമായി സംഭവിക്കുന്നു. അണ്ഡാശയങ്ങൾ കാലക്രമേണ പ്രവർത്തനം നിർത്തുകയും ഹോർമോൺ ഉത്പാദനം കുറയുകയും ചെയ്യുന്നു. ഇത് ആർത്തവം നിലയ്ക്കുന്നതിലേക്ക് നയിക്കുന്നു. ആർത്തവവിരാമം സംഭവിക്കുന്നത് അണ്ഡാശയങ്ങൾ ഈസ്ട്രജൻ എന്ന ഹോർമോൺ ഉത്പാദനം നിർത്തുന്നതോടെയാണ്. ഈ ഹോർമോൺ കുറയുന്നതോടെ അണ്ഡോത്പാദനവുംനിലയ്ക്കുകയും ആർത്തവം വരാതിരിക്കുകയും ചെയ്യുന്നു.

ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ

ആർത്തവവിരാമം ഓരോ സ്ത്രീയെയും വ്യത്യസ്‌ത രീതിയിൽ ബാധിക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്. ഈ ഘട്ടത്തിൽ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാം.

ശാരീരികമായ മാറ്റങ്ങൾ;

അമിതമായ വിയർപ്പ്, ഉറക്കക്കുറവ്, യോനിയിലെ പ്രശ്നങ്ങൾ, അസ്ഥികളുടെയും ഹൃദയത്തിൻ്റെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ, ക്ഷീണം എന്നിവ

മാനസികമായ മാറ്റങ്ങൾ: ഉത്കണ്ഠ, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, ശ്വാസം മുട്ടൽ, ക്ഷോഭം, ലൈംഗിക താല്പര്യത്തിലെ കുറവ്,

മറ്റുള്ളവ: സന്ധിവേദന, ഭാരം കുടൽ, ആർത്തവ ക്രമക്കേടുകൾ ആർത്തവവിരാമത്തിന് മുമ്പുള്ള കാലഘട്ടത്തെ പെരിമെനോപോസ് എന്ന് വിളിക്കുന്നു.

പെരിമെനോപോസ്: ഈ കാലയളവ് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ നീണ്ടുനിൽക്കാം. പെരിമെനോപോസിൽ ആർത്തവം ക്രമമില്ലാതെയാകുകയും മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കൂടുതൽ ശക്തമായി അനുഭവപ്പെടുകയും ചെയ്യാം.

ആർത്തവ വിരാമത്തെ എങ്ങനെ നേരിടാം?

ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ വ്യക്തികളിൽ വ്യത്യാസപ്പെടാം, എന്നാൽ ചില ജീവിതശൈലി മാറ്റങ്ങൾ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും. ഇതിൽ പോഷകസമ്പന്നമായ ആഹാരം, ശാരീരിക പ്രവർത്തനം, മതിയായ ഉറക്കം എന്നിവ ഉൾപ്പെടുന്നു. ചില സന്ദർഭങ്ങളിൽ, ഡോക്‌ടറുടെ നിർദ്ദേശപ്രകാരം ഹോർമോൺ ചികിത്സയും ആവശ്യമായി വന്നേക്കാം. ആർത്തവവിരാമം ഒരു രോഗമല്ല, ഒരു സ്വാഭാവിക പ്രക്രിയയാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ട് ഈ ഘട്ടത്തെ എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കും. ആർത്തവവിരാമത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ

ആർത്തവവിരാമം എന്നാൽ പ്രായമായി എന്നർത്ഥമല്ല: പലർക്കും ആർത്തവവിരാമം എന്നാൽ വാർദ്ധക്യത്തിൻ്റെ തുടക്കം എന്ന തെറ്റിധാരണയുണ്ട് എന്നാൽ ഇത് തെറ്റായ ഒരു വിശ്വാസമാണ്, ഒരു സ്ത്രീയുടെ യൗവനം, സൗന്ദര്യം എന്നിവ ആർത്തവവിരാമത്തോടെ അവസാനിക്കുന്നില്ല. ആർത്തവവിരാമം ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഇത് ഒരു രോഗമല്ല. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ ചില സ്ത്രീകളിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം.

ആർത്തവവിരാമത്തെക്കുറിച്ചുള്ള മറ്റ് പ്രധാന കാര്യങ്ങൾ:

  • ആർത്തവവിരാമം സംഭവിച്ചാലും ഒരു സ്ത്രീക്ക് സന്തോഷകരമായ ലൈംഗിക ജീവിതം നയിക്കാൻ കഴിയും.
  • ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ സ്ത്രീകളിൽ വ്യത്യസ്‌തമായിരിക്കാം.
  • ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.
  • ആർത്തവവിരാമത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഡോക്‌ടറെ സമീപിക്കുക.
  • ആരോഗ്യകരമായ ജീവിതശൈലി വേണ്ടിവന്നാൽ ഹോർമോണുകളോ അല്ലാതെയോ മരുന്നുകളുടെ വേണ്ടരീതിയിലുള്ള ഉപയോഗം എന്നിവയിലൂടെ ഈ സമയത്തെ ശാരീരിക ബുദ്ധിമുട്ടുകൾ ലഘുകരിക്കാവുന്നതാണ്.

ആർത്തവവിരാമം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരു സാധാരണ ഘട്ടമാണ്. ഇതിനെക്കുറിച്ചുള്ള തെറ്റിധാരണകൾ മാറ്റുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്‌താൽ ഇത് ഒരു സുഖകരമായ അനുഭവമാക്കി മാറ്റാം

Leave a Reply

Your email address will not be published. Required fields are marked *