June 8, 2025

കേരളത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി

0
images (2) (9)

സംസ്ഥാനത്ത് ഇതുവരെ 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകിയതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. കാമ്പസ് വ്യവസായ പാർക്കിന് 80 സ്ഥാപനങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വ്യവസായ മേഖലയിലെ വലിയ വളർച്ചയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ അന്താരാഷ്ട്ര ബ്രാൻഡിംഗിനായി നടപടികൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ നന്മ ബ്രാൻഡിന് കീഴിൽ നാല് വെളിച്ചെണ്ണ മില്ലുകൾക്ക് ബ്രാൻഡിംഗ് ലഭിച്ചിട്ടുണ്ട്. സംരംഭങ്ങളെ ആരംഭിക്കാൻ സഹായം നൽകാനും അവയെ മുന്നോട്ടു കൊണ്ടുപോകാനുമുള്ള സർക്കാർ പിന്തുണ ലഭ്യമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ നിക്ഷേപവും വായ്പയും തമ്മിലുള്ള അനുപാതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാൽ, ഇത് 75% മുകളിലാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും എംഎസ്എംഇകളുടെ വളർച്ചയ്ക്ക് 96,000 കോടി രൂപ ബാങ്കുകൾ വായ്പയായി നൽകിയതായും മന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല, ബാങ്കുകളിൽ സംരംഭക സൗഹൃദ സാഹചര്യം കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒരു തദ്ദേശഭരണ സ്ഥാപനത്തിന് ഒരു ഉൽപ്പന്നം’ പദ്ധതിയുടെ ഭാഗമായി, 456 തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായും അറിയിച്ചു.30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്, ഇതിൽ അഞ്ചെണ്ണം പ്രവർത്തനസജ്ജമാവുകയും ചെയ്തു. ഈ പാർക്കുകളുടെ പൂർണനിർമാണം ചെറുതും വലുതുമായ നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും 14 ജില്ലകളിലുമായി സർക്കാർ കാലാവധിക്കുള്ളിൽ കൂടുതൽ പാർക്കുകൾ സ്ഥാപിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പ്രകാരം വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്ന ഡെവലപ്പർമാർക്ക് സർക്കാർ സഹായം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ഏക്കറിന് 30 ലക്ഷം രൂപ, പരമാവധി 3 കോടി രൂപ വരെ അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു. സ്വകാര്യ വ്യവസായ പാർക്കുകളുടെ സൃഷ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കുന്നതിന് സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *