വെറും 10 മിനിറ്റില്‍ ഭക്ഷണം എത്തും: ‘ബോള്‍ട്ട്’ സര്‍വീസുമായി സ്വിഗ്ഗി

ദില്ലി: ഓൺലൈൻ ഫുഡ് ഓർഡർ ചെയ്ത് ഒരുപാട് നേരം കാത്തിരിക്കേണ്ടിവരുന്നത് ആരെയും മടുപ്പിക്കുന്ന ഒന്നാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായ് പുതിയ സേവനം ആരംഭിക്കാനൊരുങ്ങുകയാണ് സ്വിഗ്ഗി. ‘ബോൾട്ട്’ എന്നാണ് 10 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കുന്ന സ്വിഗ്ഗിയുടെ പുതിയ പ്ലാറ്റ്‌ഫോം. വീട്ടിൽ അതിഥികൾ വന്നാൽ, പത്ത് മിനിറ്റിനുള്ളിൽ വെൽക്കം ഡ്രിങ്കോ, സ്നാക്‌സോ, പൂർണ്ണ ഭക്ഷണമോ നൽകാനായി ഈ സേവനം ഉപയോഗിക്കാം.സ്വിഗ്ഗി ബോൾട്ട് 10 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കാൻ ലക്ഷ്യമിടുന്നതായാണ് പ്രഖ്യാപനം. ഉപഭോക്താവ് ഓർഡർ ചെയ്യുന്ന സ്ഥലത്തിന്റെ 2 കിലോമീറ്റർ പരിധിയിലുള്ള റസ്റ്റോറന്റുകളിലും, ഹോട്ടലുകളിലും നിന്നാണ് ഇത് ലഭ്യമാകുക. പാക്ക് ചെയ്യാനായി അധിക സമയമെടുക്കാത്ത ബർഗർ, ശീതളപാനീയങ്ങൾ, പ്രഭാതഭക്ഷണം, ബിരിയാണി, ഐസ്ക്രീം, മിഠായി, സ്നാക്കുകൾ എന്നിവ ഉപഭോക്താക്കളുടെ കൈകളിലെത്തും. രുചിയിലും വൃത്തിയിലും സ്വിഗ്ഗി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നു.കെഎഫ്‌സി, മക്‌ഡൊണാൾഡ്സ്, ബർഗർ കിംഗ്, ബാസ്‌കിൻ റോബിൻസ്, സ്റ്റാർബക്സ്, ഈറ്റ്‌ഫിറ്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ സ്വിഗ്ഗി ബോൾട്ട് ഉപയോഗിച്ച് വേഗത്തിൽ വീട്ടിലേക്കോ ഓഫീസിലേക്കോ എത്തിക്കും. നിലവിൽ ഹൈദരാബാദ്, മുംബൈ, ദില്ലി, പൂനെ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്, കൂടാതെ വരും ആഴ്ചകളിൽ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സ്വിഗ്ഗി അറിയിച്ചു. പ്രാദേശിക സ്ഥാപനങ്ങൾ കൂടിയാണിവ: കറാച്ചി ബേക്കറി, ആനന്ദ് സ്വീറ്റ്‌സ്, സേതി ഐസ്ക്രീം, ഇറാനി കഫെ എന്നിവയുടേയും ഭക്ഷണസാധനങ്ങൾ ബോൾട്ട് സേവനം വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും.