ട്രൂകോളർ സേവനങ്ങൾ ഇനിമുതൽ ഐഫോണിലും ലഭ്യമാകും

മൊബൈല്‍ നമ്പറുകളുടെ ഉടമ ആരാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും കൂടുതൽ സുഗമമാകുന്നുവെന്ന് അറിയിപ്പുണ്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന ഈ സൗജന്യ കോളർ ഐഡി സേവനം, ആൻഡ്രോയിഡ് ഫോണുകളിലാണ് മുൻപ് മികച്ച അനുഭവം നൽകിയത്. ആൻഡ്രോയിഡിൽ, അന്യമായ നമ്പറിൽ നിന്നുള്ള കോളുകൾ എത്തിയാൽ, അത് ആരുടേതാണെന്ന വിവരങ്ങൾ തൽക്ഷണം ലഭിക്കും.ഐഫോണിൽ, ഇതുവരെ, ഉപയോക്താക്കൾ ട്രൂകോളർ ആപ്പ് തുറന്ന് നമ്പർ മാൻവലായി പരിശോധിച്ചാൽ മാത്രമാണ് വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. എന്നാൽ, ഐഒഎസ് 18 അപ്ഡേറ്റ് വന്നതോടെ ഈ പരിമിതി മാറുമെന്നാണ് സൂചന. പുതിയ ഐഒഎസ് 18 യുസർ ഇന്റർഫേസിൽ കോളുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ക്രീനിന് മുകളിൽ നേരിട്ട് കാണാൻ കഴിയുന്ന ഓവർലേ ഫീച്ചർ ലഭ്യമാകും. ഇതിലൂടെ, ട്രൂകോളർ പോലുള്ള കോളർ ഐഡി സേവനങ്ങൾ തത്സമയം ഫോൺ സ്ക്രീനിൽ തന്നെ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കും.ട്രൂകോളർ സിഇഒ അലൻ മാമെഡി, ഈ മാറ്റത്തെ കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിന് എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ‘ഐഫോണിൽ ട്രൂകോളർ കഴിഞ്ഞ രണ്ടു വർഷമായി ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഇപ്പോഴാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള മികച്ച പ്രകടനം നൽകാൻ ഉചിതമായ സമയം’ എന്നാണ് അദ്ദേഹം കുറിച്ചത്.