June 8, 2025

എച്ച്എംഡി സിംപിള്‍ ഫോണുകൾ വൻ വിലക്കുറവിൽ; ഇനിമുതൽഇന്റർനെറ്റ് ഇല്ലാതെ യുപിഐ പേയ്‌മെൻറ് ചെയ്യാം

0
download

മുംബൈ: എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യയിൽ രണ്ട് പുതിയ ഫീച്ചർ ഫോണുകൾ പുറത്തിറക്കി. ചെറുതായുള്ള ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത ഈ ഫോണുകളിൽ യൂട്യൂബ്, യുപിഐ പേയ്‌മെൻറ് സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.എച്ച്എംഡി 105 4ജി, എച്ച്എംഡി 110 4ജി എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. 4ജി കണക്റ്റിവിറ്റി ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്കെത്താൻ കമ്പനി ലക്ഷ്യമിടുന്നു. ഈ ഫോണുകളിൽ ക്ലൗഡ് ഫോൺ ആപ്ലിക്കേഷൻ വഴി യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ഷോർട്‌സ് എന്നിവ കാണാനും, ഇന്റർനെറ്റ് ഇല്ലാതെ തന്നെ യുപിഐ പേയ്‌മെൻറ് (ഓഫ്‌ലൈൻ) നടത്താനും സാധിക്കും. ഈ സേവനം പ്രീ-ലോഡഡ് ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തിക്കുക.ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പുതിയ ഡിവൈസുകൾ അവതരിപ്പിച്ച്, സാങ്കേതിക നവീകരണങ്ങളും സ്മാർട്ട് ഡിസൈനും നൽകുന്ന കമ്പനിയുടെ പാരമ്പര്യം തുടർന്നുകൊണ്ടിരിക്കുന്നു എന്ന് എച്ച്എംഡി ഇന്ത്യയുടെ സിഇഒ രവി കന്‍വാര്‍ പറഞ്ഞു. എച്ച്എംഡി 105 4ജി, 110 4ജി ഫോണുകൾ കണക്റ്റിവിറ്റി, യുപിഐ പേയ്‌മെന്റ് എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.ഒരു വർഷത്തെ റീപ്ലേസ്‌മെൻറ് വാറന്റി, 1450 എംഎഎച്ച് ബാറ്ററി, എംപി3 പ്ലെയര്‍, വയർലെസ് എഫ്‌എം റേഡിയോ, 32 ജിബി വരെ മൈക്രോ എസ്‌ഡി കാർഡ് പിന്തുണ, 13 ഇൻപുട്ട് ഭാഷകൾ, 23 പ്രാദേശിക ഭാഷകൾ എന്നിവയാണ് ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ. എച്ച്എംഡി 105 4ജി മൂന്ന് നിറങ്ങളിലും, 110 4ജി രണ്ട് നിറങ്ങളിലുമാണ് ലഭിക്കുക. എച്ച്എംഡി 105 4ജിയുടെ വില 2,199 രൂപയും, 110 4ജിയുടെ വില 2,399 രൂപയുമാണ്. ഈ ഫോണുകൾ എച്ച്എംഡി ഗ്ലോബല്‍ വെബ്സൈറ്റ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *