യു എസിനെ മറികടന്ന് ഇന്ത്യ; 5ജി മൊബൈൽ ഫോൺ വിപണിയിൽ ചൈന ഒന്നാമത്

ദില്ലി: യുഎസിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈൽ ഫോൺ വിപണിയായി മാറി. ചൈന ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം 2024-ന്റെ ആദ്യ പകുതിയിൽ ആഗോള 5ജി ഹാൻഡ്സെറ്റ് കയറ്റുമതിയിൽ 20% വർധനവുണ്ടായി. ആപ്പിൾ 5ജി ഫോണുകൾ കയറ്റുമതിയിൽ മുന്നിലാണ്, ആഗോള 5ജി ഹാൻഡ്സെറ്റ് വിപണിയിൽ 25% വിഹിതം ആപ്പിളിനാണ്.
5ജി ഹാൻഡ്സെറ്റ് കയറ്റുമതിയിൽ സ്ഥിരമായ വളർച്ചയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ന്റെ ആദ്യ പകുതിയിൽ യുഎസിനെ പിന്നിലാക്കി ഇന്ത്യ രണ്ടാമത്തെ വലിയ 5ജി ഹാൻഡ്സെറ്റ് വിപണിയായി മാറി. ഇന്ത്യയിൽ ബജറ്റ് വിഭാഗത്തിൽ ഷിയോമി, വിവോ, സാംസങ് തുടങ്ങിയ ബ്രാൻഡുകൾ ജനപ്രിയമാണെന്ന് സീനിയർ അനലിസ്റ്റ് പ്രാചിർ സിംഗ് പറയുന്നു. സാംസങിന്റെ ഗാലക്സി എ സീരീസും എസ് 24 സീരീസും 21% വിപണി വിഹിതം കൈവശമാക്കി രണ്ടാമതെത്തി. 2024-ന്റെ ആദ്യ പകുതിയിൽ 5ജി മോഡലുകളുടെ മുൻനിര 10 പട്ടികയിൽ ആപ്പിളും സാംസങ്ങും ആകെ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി, ആദ്യ നാല് സ്ഥാനങ്ങളും ആപ്പിളിനാണ്.
ആഗോള നെറ്റ്വർക്കുകളുടെ 63% ഏഷ്യ-പസഫിക് മേഖലയിലാണ്. ആഗോള 5ജി കയറ്റുമതിയിലെ 58% വിഹിതവും ഏഷ്യയിലാണ്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക പ്രദേശങ്ങളിലും 5ജി ഹാൻഡ്സെറ്റ് കയറ്റുമതിയിൽ വേഗതയേറിയ വളർച്ച കണ്ടു.