എഐ ക്ലൗഡുമായി റിലയൻസ്

ന്യൂഡല്ഹി: ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്ന പുതിയ എഐ ക്ലൗഡ് സേവനം അവതരിപ്പിച്ച് റിലയൻസ്. ചിത്രങ്ങൾ, വീഡിയോകൾ, ഡിജിറ്റൽ ഡാറ്റ എന്നിവ സൂക്ഷിക്കാനും പ്രയോജനപ്പെടുത്താനും സഹായകരമായിരിക്കും. എഐ, ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം നേടാനുള്ള കമ്പനിയുടെ ഭാഗമായാണ് ജിയോ എഐ ക്ലൗഡ് പ്രാവർത്തികമാക്കുന്നത്.ഈ വർഷം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജിയോ എഐ ക്ലൗഡിന്റെ 100 ജിബി സ്റ്റോറേജ് വെൽകം ഓഫർ ആരംഭിക്കും. അധിക സ്റ്റോറേജ് ആവശ്യമായ ഉപയോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിൽ ജിയോ എഐ ക്ലൗഡ് സേവനം ലഭ്യമാക്കുന്നതാണ് ലക്ഷ്യം. നിലവിൽ, ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഗൂഗിൾ, ആപ്പിൾ തുടങ്ങിയവയുടെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്, എന്നാൽ അവരുടെ സൗജന്യ പ്ലാനുകളിൽ ലഭ്യമായ സ്റ്റോറേജ് അളവ് പരിമിതമാണ്. ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് പ്ലാനുകൾ 100 ജിബിയ്ക്ക് പ്രതിമാസം 130 രൂപയും, ആപ്പിളിന്റെ 50 ജിബി ഐക്ലൗഡ് സ്റ്റോറേജിനായി 75 രൂപയും ആണ് ഈടാക്കുന്നത്.ജിയോ ക്ലൗഡിൽ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാനുള്ള സൗകര്യം നൽകുന്ന ജിയോ ഫോൺ കോൾ എഐ സേവനവും റിലയൻസ് അവതരിപ്പിച്ചു. ഈ സേവനം കോളുകളുടെ ആശയങ്ങൾ സംക്ഷിപ്തമാക്കി മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള സൗകര്യവും നൽകുന്നു. റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 5.28 ലക്ഷംകോടി രൂപ (66.0 ബില്യൻ ഡോളർ)യുടെ നിക്ഷേപം നടത്തി. 2023-24 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികളും തീരുവകളും വഴി 1,86,440 കോടി രൂപ (22.4 ബില്യൻ ഡോളർ) നൽകി രാജ്യത്ത് ഏറ്റവും അധികം നികുതി നൽകുന്ന കമ്പനിയായി തുടരുകയാണ് റിലയൻസെന്നും അദ്ദേഹം പറഞ്ഞു.