സ്വര്‍ണ്ണവിലയില്‍ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2240 രൂപ!
കൊച്ചി: റെക്കോർഡ് ഉയരങ്ങളില്‍ നിന്ന് കൂപ്പുകുത്തി സ്വർണ്ണവില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണ്ണവിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കില്‍, ഇപ്പോള്‍ തുടർച്ചയായി രേഖപ്പെടുത്തുന്ന വിലയിടിവ് ആശ്വാസമായി മാറുകയാണ്.
ഇന്ന് മാത്രം ഒരു പവൻ സ്വർണ്ണത്തിന് 2240 രൂപ ഇടിഞ്ഞ് വില 99,880 രൂപയിലേക്ക് താഴ്ന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ തുടർന്ന സ്വർണ്ണവില വീണ്ടും താഴേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 12,485 രൂപയാണ് നിരക്ക്. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 12,765 രൂപയില്‍ നിന്നാണ് ഈ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്.
ഡിസംബർ 23-ലെ സർവ്വകാല റെക്കോർഡുകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഇന്നലെ (ഡിസംബർ 29) രാവിലെ പവന് 520 രൂപ കുറഞ്ഞ വിപണിയില്‍ വൈകുന്നേരത്തോടെ വീണ്ടും 1800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.അതേസമയം വെള്ളി വിലയിലും മാറ്റങ്ങളുണ്ട്. ഇന്ന് ഗ്രാമിന് 258 രൂപയും കിലോയ്ക്ക് 2,58,000 രൂപയുമാണ് വെള്ളിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
